ടിക്കറ്റുകൾ ആറ് മാസം മുൻപ് തന്നെ മുൻകൂട്ടി ബുക്ക് ചെയ്യാവുന്ന സൗകര്യങ്ങൾ ഉണ്ട്
മനാമ: പ്രവാസികൾ കുടുംബ സമേതം നാട്ടിലെത്തുന്ന സമയമാണ് വേനലവധിക്കാലം. ജിസിസി രാജ്യങ്ങളിലെ സ്‌കൂളുകളിൽ വേനലവധിക്കാലം പ്രഖ്യാപിച്ചതിന് പിന്നാലെ മിക്കവരും വിമാന ടിക്കറ്റുകൾ എടുക്കാനുള്ള തിരക്കിലാണ്. ജൂൺ അവസാന വാരം മുതൽ സെപ്റ്റംബർ ആദ്യവാരം വരെയാണ് ബഹ്‌റൈനിലെ സ്‌കൂളുകൾക്ക് വേനലവധി പ്രഖ്യാപിച്ചിരിക്കുന്നത്.(Summer vacation declared for schools; families booking tickets in advance)
വിമാനടിക്കറ്റുകൾ ആറ് മാസം മുൻപ് തന്നെ മുൻകൂട്ടി ബുക്ക് ചെയ്യാവുന്ന സൗകര്യങ്ങൾ ഉണ്ട്. കൂടാതെ നേരത്തെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് നിരക്ക് കുറവുമാണ്. ഇതുകൊണ്ട് തന്നെ ഇപ്പോൾ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്തു തുടങ്ങിയതായി ട്രാവൽ ഏജൻസികൾ അറിയിച്ചു. സാഹചര്യം കണക്കിലെടുത്ത് വിമാനക്കമ്പനികൾ നിരക്ക് കൂട്ടിയേക്കും എന്നാണ് വിലയിരുത്തൽ.
എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള അന്താരാഷ്ട്ര വിമാനങ്ങളുടെ ഇക്കണോമി ക്ലാസിൽ പോലും മറ്റു ജിസിസി രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിരക്ക് അധികമാണ്. ബഹ്‌റൈനിലെ പ്രവാസികൾ പലപ്പോഴും ഇതിനെതിരെ പരാതികൾ ഉയർത്തിയെങ്കിലും ഇതുവരെ ഒരു മാറ്റവും വന്നിട്ടില്ല. അതേസമയം കണ്ണൂരിൽ വിമാനത്താവളം വരുന്നതോടെ മലബാറിലേക്കുള്ള യാത്രാനിരക്ക് കുറയുമെന്ന് ആശ്വസിച്ചിരുന്ന യാത്രക്കാർക്ക് ഇപ്പോഴും കണ്ണൂരിലേക്ക് യാത്ര ചെയ്യാൻ താൽപര്യമില്ല എന്നതാണ് വാസ്തവം.
കണ്ണൂരിൽ യാത്രക്കാരെ ഇറക്കി കോഴിക്കോട്ടേക്ക് പോകുന്ന വിമാനങ്ങളിൽ പോലും കോഴിക്കോട്ടേ നിരക്കിനേക്കാൾ കൂടുതൽ തുക നൽകണം. അത് കൊണ്ട് തന്നെ ബഹ്‌റൈൻ പ്രവാസികൾ ഇപ്പോഴും ആശ്രയിക്കുന്നത് കോഴിക്കോട് വിമാനത്താവളമോ കൊച്ചിയോ ആണ്.
കൂടാതെ ബഹ്‌റൈനിലെ സ്വദേശി സർവകലാശാലകളിലെ ഉയർന്ന ഫീസും പ്രഫഷനൽ കോഴ്‌സുകളുടെ അഭാവവും കാരണം പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ ഇന്ത്യൻ വിദ്യാർഥികൾ പലരും ഉന്നതപഠനം വിദേശ രാജ്യങ്ങളിലോ സ്വദേശത്തോ നടത്താനാണ് ആഗ്രഹിക്കുന്നത്. ബഹ്‌റൈനിലെ ഏഴോളം ഇന്ത്യൻ സമൂഹത്തിന്റെ സ്‌കൂളുകളിലെ പന്ത്രണ്ടാം ക്ലാസ് കഴിയുന്ന വിദ്യാർഥികൾ ഇന്ത്യയിലേക്ക് മടങ്ങുന്ന സമയത്ത് വിമാനക്കമ്പനികളുടെ കൊള്ള അവസാനിപ്പിക്കണമെന്നാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്.