തമിഴ്നാട് ശിവഗംഗ ജില്ലയിലെ ഷൺമുഖനാഥൻ ക്ഷേത്രത്തിന്റെ തലയെടുപ്പായിരുന്ന സുബ്ബുലക്ഷ്മി ചരിഞ്ഞു. കഴിഞ്ഞ ദിവസം ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിൽ സുബ്ബുലക്ഷ്മിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കേയാണ് ചരിഞ്ഞത്.
ആനയെ പാർപ്പിക്കാനായി ക്ഷേത്രത്തിനോട് ചേർന്ന് ഒരു ഷെഡ് നിർമിച്ചിരുന്നു. ഷെഡിനും സമീപത്തെ മരത്തിനും തീപിടിച്ചു. പരിസരത്തെ ഉണങ്ങിയ ചെടികളിലും തീപടർന്നതോടെ ഷെഡിനകത്ത ചങ്ങലയിൽ തളച്ചിരുന്ന സുബ്ബുലക്ഷ്മിയുടെ ദേഹത്തും തീ പടർന്നു.
ചങ്ങല പൊട്ടിച്ച് ഓടിയെങ്കിലും സുബ്ബുലക്ഷ്മി അൽപദൂരമെത്തിയപ്പോഴേക്കും തളർന്നുവീണു. ഉടൻ തന്നെ ക്ഷേത്രഭാരവാഹികൾ വനം വകുപ്പിനെ വിവരമറിയിച്ചു.
തുമ്പികൈ, വാൽ, തല, പുറം, വയര്, മുഖം തുടങ്ങിയിടങ്ങളിൽ ഗുരുതരമായി പൊള്ളലേറ്റു. ചികിത്സ നൽകിയെങ്കിലും വേദന സഹിക്കാൻ വയ്യാതെ തുമ്പിക്കൈ ഉയർത്തി നിലത്ത് വീഴുന്ന സുബ്ബുലക്ഷ്മിയുടെ ചിത്രം ആനപ്രേമികളെ മാത്രമല്ല ദുഃഖത്തിലാഴ്‌ത്തുന്നത്. ഷോട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ.
54 വയസുകാരിയാണ് സുബ്ബുലക്ഷ്മി. 1971-ലാണ് ക്ഷേത്രത്തിലെത്തുന്നത്. അന്ന് മുതൽ ഭക്തരുടെയും നാടിന്റെയും പ്രിയങ്കരിയായി മാറി. ക്ഷേത്രത്തിലെത്തുന്ന ഭക്തർ സുബ്ബുലക്ഷ്മിയുടെ ആശീർവാദം വാങ്ങാതെ മടങ്ങാറില്ല. കുട്ടികളടക്കം ഭയമില്ലാതെ ആനയ്‌ക്കടുത്തെത്തിയിരുന്നു. അമ്മമാർ ഉൾപ്പടെ പൊട്ടിക്കരഞ്ഞു കൊണ്ടാണ് സുബ്ബുലക്ഷ്മിയെ യാത്രയാക്കിയത്.