കോട്ടയം ഉഴവൂരിൽ വിദ്യാർത്ഥി സംഘർഷം തടയാൻ എത്തിയ പോലീസ് സബ് ഇൻസ്പെക്ടർക്ക് വിദ്യാർഥികളുടെ ക്രൂരമർദ്ദനം. ഉഴവൂർ OLL HSS സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളും പ്ലസ് വൺ വിദ്യാർഥികളും തമ്മിലാണ് സംഘർഷം ഉണ്ടായത്. പ്രശ്നം പരിഹരിക്കാൻ സ്ഥലത്തെ ഓട്ടോഡ്രൈവർമാർ ഇടപെട്ടതോടെ കൂടുതൽ ശക്തമായി. ഇതിനിടെ വലവൂർ ഭാഗത്തുനിന്നും എത്തിയ ഒരു സംഘം യുവാക്കൾ ഓട്ടോറിക്ഷക്കാർ അടക്കമുള്ളവരെ മർദ്ദിച്ചു. പ്രശ്നം രൂക്ഷമായതോടെ ഇത് പരിഹരിക്കാൻ എത്തിയ കുറവിലങ്ങാട് പോലീസ് സ്റ്റേഷനിലെ എസ് ഐ കെ വി സന്തോഷിനും മർദ്ദനമേറ്റു. പരിക്കേറ്റ ഇദ്ദേഹത്തെ കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവർമാരായ സ്റ്റീഫൻ, ലൂക്കോസ്, സാബു എന്നിവരെയും ഉഴവൂർ കെആർഎൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അക്രമ സംഘത്തിൽ ഉൾപ്പെട്ട ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
വൈകുന്നേരം വിദ്യാർത്ഥികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ ഒരു ഭാഗത്തിന്റെ ആവശ്യപ്രകാരമാണ് പാലാ ഭാഗത്ത് നിന്നും രാഷ്ട്രീയ ബന്ധമുള്ള ഒരു കൂട്ടം യുവാക്കൾ എത്തിയത്. ഇവർ വിദ്യാർത്ഥികളെ മർദ്ദിക്കുന്നത് കണ്ടാണ് ഓട്ടോറിക്ഷക്കാരൻ നാട്ടുകാരും പ്രശ്നത്തിൽ ഇടപെട്ടത്. പുറത്തുനിന്ന് വന്ന യുവാക്കളിൽ ഒരാളെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചപ്പോഴും സംഘർഷം ഉണ്ടായി. വിദ്യാർത്ഥികൾ തമ്മിലുള്ള പ്രശ്നങ്ങൾ പുറത്തുനിന്നും എത്തുന്നവർ ഇടപെട്ട് കൂട്ടത്തല്ല് ഉണ്ടാക്കുന്ന സംഭവങ്ങൾ തടയാൻ കർശന നടപടി വേണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.