മല്ലപ്പള്ളി: ജോലി ചെയ്യുന്നതിനിടെ 33 കെ.വി. ലൈന്‍ ചാര്‍ജുചെയ്ത് തൊഴിലാളിക്ക് ഗുരുതരമായി ഷോക്കേറ്റ സംഭവത്തില്‍ കെ.എസ്.ഇ.ബി. സബ് എന്‍ജിനീയര്‍ക്കെതിരെ നടപടി. വെണ്ണിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ സബ് എന്‍ജിനീയര്‍ യശോധരനെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. മല്ലപ്പള്ളി സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ റിപ്പോര്‍ട്ടുപ്രകാരമാണ് യശോധരനെതിരെ നടപടി സ്വീകരിച്ചത്.
വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. അപകടത്തില്‍ സാരമായി പൊള്ളലേറ്റ, എടത്വ പച്ച ഇരുനൂറ്റിപ്പുതുവല്‍ ഗോപാലകൃഷ്ണൻ (45) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മല്ലപ്പള്ളി – കുമ്പനാട് 33 കെ.വി. ലൈന്‍ നവീകരണജോലിയുടെ ഉത്തരവാദിത്വമുള്ള ട്രാന്‍സ്മിഷന്‍ വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ വെള്ളിയാഴ്ച സൈറ്റില്‍ എത്തിയിരുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. താത്കാലികജീവനക്കാരാണ് സ്ഥലത്ത് ഉണ്ടായിരുന്നത്.
വൈകീട്ട് ആറുമണിയോടെ മല്ലപ്പള്ളി 110 കെ.വി.സബ്സ്റ്റേഷനില്‍നിന്നാണ് ലൈന്‍ ചാര്‍ജുചെയ്തത്. വെണ്ണിക്കുളം സെക്ഷന്‍ ഓഫീസിലെ സബ് എന്‍ജിനീയറുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ഓണാക്കിയതെന്ന് സബ്സ്റ്റേഷന്‍ അധികൃതര്‍ പറയുന്നു.