വിദ്യാർത്ഥികളെ കൊണ്ട് ‘പാദ പൂജ’ ചെയ്യിച്ചു
കാസർകോട്: വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകരുടെ പാദ പൂജ ചെയ്യിച്ചതായി പരാതി. ബന്തടുക്ക കക്കച്ചാൽ സരസ്വതി വിദ്യാലയത്തിലാണ് സംഭവം നടന്നത്.
ഭാരതീയ വിദ്യാനികേതന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളിലാണ് വ്യാസജയന്തി ദിനം, ഗുരുപൂര്‍ണിമ എന്ന പേരിൽ പാദ പൂജ നടന്നത്. വിരമിച്ച 30 അധ്യാപകരുടെ കാലിൽ വിദ്യാർത്ഥികളെ കൊണ്ട് വെള്ളം തളിച്ച് പൂക്കളിട്ട് പൂജ നടത്തുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് വിവാദം കനത്തത്. വിദ്യാർത്ഥികളെ നിലത്ത് മുട്ട് കുത്തിയിരുത്തിയ ചിത്രം ആണ് പുറത്തു വന്നിരിക്കുന്നത്.
ശേഷം, കസേരയിൽ ഇരിക്കുന്ന അധ്യാപകരുടെ കാലിൽ പൂക്കളും വെള്ളവും തളിച്ച് പൂജ ചെയ്ത് തൊട്ട് വന്ദിക്കാൻ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധവുമായി എസ്എഫ്ഐ അടക്കം രംഗത്ത് വന്നിട്ടുണ്ട്.
ഇത്തരം നടപടികൾ പുരോഗമന സമൂഹത്തിന് അംഗീകരിക്കാനാകാത്തതാണെന്നും ഇത്തരം പ്രവൃത്തികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു.
ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരേ കേസ്
കണ്ണൂർ: സ്കൂളിലെ പാചകത്തൊഴിലാളിയെ കൈയേറ്റം ചെയ്ത സംഭവത്തിൽ ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരേ പോലീസ് കേസെടുത്തു. എസ്എഫ്ഐ പഠിപ്പുമുടക്കിനിടെയാണ് അതിക്രമം നടന്നത്.
പേരാവൂർ ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി അക്ഷയ മനോജിനെതിരേയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കണ്ണൂർ മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പാചകത്തൊഴിലാളി വസന്തയ്ക്ക് നേരെയായിരുന്നു എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണം.
രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന സ്കൂളിലെ പാചക പുരയിൽ വെച്ചാണ് സംഭവം. ഉച്ചഭക്ഷണം തയ്യാറായാൽ ക്ലാസ് തുടരും എന്ന കാരണം പറഞ്ഞ് പ്രവർത്തകർ പാചകത്തൊഴിലാളിയെ കൈയേറ്റം ചെയ്യുകയായിരുന്നു.
എസ്എഫ്ഐയുടെ സമരമായതിനാൽ ക്ലാസ്സില്ലെന്നും അതുകൊണ്ട് ഭക്ഷണം പാകം ചെയ്യരുതെന്നും പറഞ്ഞ പ്രവർത്തകർ ഇതിനെ എതിർത്ത തൊഴിലാളിയുമായി വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു. പിന്നാലെ പ്രവർത്തകർ വേവിക്കാൻ എടുത്ത അരി തട്ടിക്കളയുകയും ചെയ്തു.
സര്‍വകലാശാലകള്‍ കാവിവത്കരിക്കാനുള്ള ഗവര്‍ണറുടെ ഇടപെടലുകള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 30 പ്രവർത്തകരെ പോലീസ് റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച എസ്എഫ്ഐ പഠിപ്പുമുടക്കിയത്.
പണിമുടക്കിന് ജോലിക്കെത്തിയ അധ്യാപകരെ അകത്താക്കി സ്കൂൾ ഗേറ്റ് പൂട്ടി സമരക്കാർ; പൂട്ട് തകർത്ത് പോലീസ്
തിരുവനന്തപുരം: അഖിലേന്ത്യ പണിമുടക്ക് ദിവസം ജോലിക്കെത്തിയ അധ്യാപകരെ അകത്താക്കി സ്കൂളിന്‍റെ ഗേറ്റ് പുറത്തുനിന്ന് പൂട്ടി സമരാനുകൂലികൾ. അരുവിക്കര എല്‍പിസ്‌കൂളില്‍ ജോലിക്കെത്തിയ അഞ്ച് അധ്യാപകരെയാണ് സ്‌കൂൾ മതിൽക്കെട്ടിന് ഉള്ളിലാക്കി സമരാനുകൂലികൾ ഗേറ്റ് പൂട്ടിയത്.
ജോലിസമയം കഴിഞ്ഞിട്ടും തുറന്നുനൽകാതിരുന്നതോടെ പോലീസ് എത്തി പൂട്ടുതകർത്ത് അധ്യാപകരെ പുറത്തിറക്കുകയായിരുന്നു.
പണിമുടക്ക് ദിനത്തിൽ അധ്യാപകർ ജോലിക്കെത്തിയതിൽ പ്രകോപിതരായാണ് പ്രവർത്തകർ ഗേറ്റ് പുറത്തുനിന്ന് പൂട്ടിയതെന്നാണ് വിവരം. താക്കോലുമായി സമരക്കാർ പോകുകയും ചെയ്തു.
എന്നാൽ ഡ്യൂട്ടിസമയം കഴിഞ്ഞ് ഗേറ്റ് തുറക്കാം എന്നായിരുന്നു സമരക്കാരുടെ നിലപാട്. പക്ഷെ, സ്കൂളിന്‍റെ പ്രവർത്തനസമയമായ 3.30 കഴിഞ്ഞിട്ടും ഗേറ്റ് തുറന്നുനൽകിയില്ല.
ഇതോടെയാണ് അരുവിക്കര സി.ഐ യുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പൂട്ട് തല്ലി തകർത്ത് അധ്യാപകരെ പുറത്തിറക്കിയത്.
Summary: Controversy erupts at Saraswati Vidyalaya in Bandadka, where students were allegedly made to perform Pada Pooja for 30 retired teachers. The ritual, involving sprinkling water and offering flowers at the teachers’ feet, was reportedly conducted under Bharatiya Vidya Niketan.