പാലക്കാട്: ക്രിസ്മസ്- പുതുവത്സരാഘോഷത്തിനിടെ വിദ്യാർത്ഥികളും പൊലീസും തമ്മിൽ സംഘർഷം. മണ്ണാർക്കാട് കല്ലടി എംഇഎസ് കോളേജിലാണ് സംഭവം. കോളേജ് യൂണിയൻ്റെ നേതൃത്വത്തിൽ നടത്തിയ ആഘോഷത്തിൽ ബാൻ്റ് ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ചതാണ് സംഘർഷത്തിലേക്ക് വഴിവെച്ചത്.(Students and police clash at Kalladi MES College, Mannarkkad)
ഇന്നാണ് കോളേജിൽ പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാൽ ബാൻ്റ് സംഘത്തെ കോളേജിൽ എത്തിക്കുന്നതിനുള്ള അനുമതി പ്രിൻസിപ്പൽ നിഷേധിച്ചു. ഇതിനെ വിദ്യാർഥികൾ ചോദ്യം ചെയ്തു. തുടർന്ന് വിദ്യാർഥികൾ ബാൻ്റ് സംഘത്തെ ക്യാംപസിനകത്തേക്ക് പ്രവേശിപ്പിച്ചതോടെ പൊലീസ് തടയുകയും ഇത് സംഘർഷത്തിലേക്ക് എത്തുകയുമായിരുന്നു.
പുറത്ത് പോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും വിദ്യാർഥികൾ വഴങ്ങിയില്ല. കോളേജ് ഗേറ്റ് പൂട്ടി വിദ്യാർഥികൾ പ്രതിഷേധിച്ചു. ഇതോടെ പൊലീസ് ബലം പ്രയോഗിച്ച് വിദ്യാർഥികളെ ക്യാംപസിന് പുറത്താക്കുകയായിരുന്നു. പിന്നീട് കോളജിനു പുറത്താണ് പരിപാടി നടത്തിയത്.