ലണ്ടൻ: ബ്രിട്ടനിൽ ആഞ്ഞടിച്ച ഡാറ ചുഴലിക്കാറ്റിൽ വ്യാപക നാശം. 145 കിമീ വേഗത്തിൽ വീശിയ കാറ്റിൽ ലക്ഷകണക്കിന് വീടുകളിലെ വൈദ്യുതി ബന്ധം തകർന്നു. മൂന്ന് ദശലക്ഷം ആളുകൾക്കാണ് സർക്കാർ അടിയന്തര മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.(Storm Darragh; thousands without power)
കനത്ത മഴയെത്തുടർന്ന് രാജ്യവ്യാപകമായി വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. യുകെയുടെ മെറ്റ് ഓഫീസ് അപൂർവമായ റെഡ് വാണിംഗ് പുറപ്പെടുവിച്ചിട്ടുണ്ട്. വെയിൽസിലും തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലുമുള്ള താമസക്കാരോട് പകൽ 3.00 മുതൽ 11.00 വരെ വീടിനുള്ളിൽ തുടരാൻ ആവശ്യപ്പെട്ടു. കാറ്റ് തീരപ്രദേശങ്ങളിലും കനത്ത നാശം വിതച്ചിട്ടുണ്ട്. ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ 86,000 വീടുകളിൽ വൈദ്യുതി മുടങ്ങി.
അയർലണ്ടിൽ 400,000-ത്തിലധികം ആളുകൾക്ക് ആണ് വൈദ്യുതി തടസ്സമായത്. നെറ്റ്‌വർക്ക് റെയിൽ വെയിൽസ് വടക്കൻ തീരത്ത് ട്രെയിൻ സർവീസുകൾ നിർത്തിവച്ചു, വെയിൽസിനും തെക്കൻ ഇംഗ്ലണ്ടിനും കുറുകെയുള്ള പ്രധാന പാലങ്ങൾ അടച്ചു. ഡബ്ലിൻ വിമാനത്താവളത്തിലും നെതർലാൻഡ്‌സിലെ ഷിഫോൾ വിമാനത്താവളത്തിലും വിമാനങ്ങൾ റദ്ദാക്കി. ക്രിസ്മസ് വിപണിയെയും ഡാറ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്.