സോവിയറ്റ് യൂണിയനും അമേരിക്കൻ ചേരിയിലുള്ള നാറ്റോ രാജ്യങ്ങളും തമ്മിൽ നിലനിന്ന കിടമത്സരങ്ങളാണ് ശീതയുദ്ധത്തിന് വഴിവെച്ചത്. യു.എസ്.എസ്.ആർ.ന്റെ തകർച്ചയ്ക്ക് ശേഷം ശീതയുദ്ധം അവസാനിച്ചു. പിന്നീട് പ്രതിരോധ മേഖലയിൽ നാറ്റോയുടെ ഏക ധ്രുവ ശക്തിപ്രകടനത്തിനാണ് ലോകം സാക്ഷ്യം വഹിച്ചത്. എന്നാൽ വ്‌ളാഡിമിർ പുട്ടിൻ റഷ്യയുടെ അമരത്ത് എത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. സൈനിക സാമ്പത്തിക ശക്തിയിൽ റഷ്യ കുതിച്ചു ക്രൈമിയയും ഉക്രൈന്റെ 25 ശതമാനവും വരുന്ന പ്രദേശങ്ങൾ പിടിച്ചെടുക്കുന്നിടത്തേയ്ക്ക് കാര്യങ്ങൾ എത്തി. ഇതോടെ നാറ്റോ വീണ്ടും മസിൽ പെരുപ്പിയ്ക്കാൻ തുടങ്ങി. 1988 ൽ അവസാനമായി നടന്ന നാറ്റോ രാജ്യങ്ങളുടെ സംയുക്ത സൈനികാഭ്യാസത്തിന് ശേഷമുള്ള വലിയ അഭ്യാസമാണ് നിലവിൽ നാറ്റോ സംഘടിപ്പിയ്ക്കുന്നത്. സ്റ്റെഡ്ഫാസ്റ്റ് ഡിഫൻഡർ 2024 എന്ന പേരിൽ മേയ് വരെ നടത്തുന്ന സൈനികാഭ്യാസത്തിൽ 90,000 സൈനികർചേരും വിമാന വാഹിനികൾ മുതൽ ഡിസ്‌ട്രോയർ വരെയുള്ള 50 കപ്പലുകൾ 80 യുദ്ധ വിമാനങ്ങൾ ഹെലി കോപ്ടറുകൾ ഡ്രോണുകൾ തുടങ്ങിയവ അഭ്യാസത്തിന്റെ ഭാഗമാകും.
തുടക്കത്തിൽ വൻ തിരിച്ചടികൾ നേരിട്ട ഉക്രൈനിൽ റഷ്യൻസേന മുന്നേറുന്നതും ഇറാൻ-ഉത്തരകൊറിയ-ചൈന എന്നീ രാജ്യങ്ങളുമായി ചേർന്ന് റഷ്യ ഉയർത്തുന്ന ഭീഷണിയും നാറ്റോ രാജ്യങ്ങൾ ഗൗരവമായാണ് കാണുന്നത്. റഷ്യ ആയുധശേഷി വൻ തോതിൽ വർധിപ്പിയ്ക്കുന്നതും ഡ്രോൺ സാങ്കേതിക വിദ്യയിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്നതും നാറ്റോയ്ക്ക് ഭീഷണിയാകും.