ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് പകുതിയോടെ മാത്രം. മുന്നൊരുക്കങ്ങൾ വിലയിരുത്താൻ തെരഞ്ഞെടുപ്പു കമീഷൻ നടത്തിവരുന്ന സംസ്ഥാന സന്ദർശനങ്ങൾ മാർച്ച് 13 വരെ നീളുമെന്നാണ് പുറത്തു വരുന്ന പുതിയ റിപ്പോർട്ട്.
2019ൽ ലോക്സഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത് മാർച്ച് 10നാണ്. ഏപ്രിൽ 11ന് തുടങ്ങി മേയ് 19 വരെ ഏഴു ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. 2014ൽ പ്രഖ്യാപനം നടന്നത് മാർച്ച് അഞ്ചിനാണ്. ഏപ്രിൽ ഏഴുമുതൽ 12 വരെ ഒമ്പതു ഘട്ടമായി വോട്ടെടുപ്പ് നടന്നു.
അയോധ്യയിലെ പ്രാണപ്രതിഷ്ഠ അനുകൂല അന്തരീക്ഷം സൃഷ്ടിച്ചുവെന്ന വിലയിരുത്തലിൽ വോട്ടെടുപ്പ് ഏതാനും ആഴ്ച നേരത്തേയാക്കാൻ ബി.ജെ.പിക്ക് ആലോചനയുണ്ടെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി കടന്നുവന്ന കർഷക സമരവും അനിഷ്ട സംഭവങ്ങളും ചിന്താഗതി മാറ്റി.
തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് വിവിധ പ്രഖ്യാപനങ്ങൾക്ക് കേന്ദ്രസർക്കാർ ഒരുങ്ങിയേക്കും. കർഷകസമരം അവസാനിപ്പിക്കാനുള്ള വഴി തെളിയാതെ തെരഞ്ഞെടുപ്പിലേക്ക് പോകാൻ കഴിയില്ലെന്ന രാഷ്ട്രീയ പ്രശ്നം ബി.ജെ.പിക്കും മുന്നിലുണ്ട്.