ഒഡീഷ: പുരിയില്‍ ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മൂന്നുപേര്‍ മരിച്ചു. അപകടത്തിൽ പത്തുപേര്‍ക്ക് പരിക്കേറ്റു.
മരിച്ചവരിൽ രണ്ടുപേര്‍ സ്ത്രീകളാണ്. ഒഡീഷയിലെ ഖുര്‍ദ ജില്ല സ്വദേശികളായ പ്രഭതി ദാസ്, ബസന്തി സാഹു, പ്രേംകാന്ത് മൊഹന്തി എന്നിവരാണ് മരിച്ചതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തിക്കിലും തിരക്കിലുംപെട്ട മൂവരും തല്‍ക്ഷണം മരിച്ചുവെന്നാണ് വിവരം. അപകടത്തിൽ പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.
വിഗ്രഹങ്ങളുമായെത്തിയ രഥങ്ങള്‍ ശ്രീ ഗുംഡിച ക്ഷേത്രത്തിന് സമീപത്തെത്തിയ സമയത്തായിരുന്നു തിക്കും തിരക്കും ഉണ്ടായതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
രഥങ്ങള്‍ യാത്ര പുറപ്പെട്ട ജഗന്നാഥ ക്ഷേത്രത്തില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് ശ്രീ ഗുംഡിച ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഞായറാഴ്ച രാവിലെ നാലരയോടെയാണ് രഥങ്ങള്‍ ഇവിടേക്ക് എത്തിയത്. ഈ സമയം ദര്‍ശനത്തിന് വേണ്ടി വലിയ ആള്‍ക്കൂട്ടമായിരുന്നു ഇവിടെയുണ്ടായിരുന്നത്.
രഥങ്ങള്‍ എത്തിയതോടെ ആള്‍ക്കൂട്ടവും നിയന്ത്രണാതീതമായി. ചിലര്‍ വീഴുകയും പിന്നീട് തിക്കും തിരക്കും രൂപപ്പെടുകയുമായിരുന്നു.
അതേസമയം, ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള പോലീസ് നടപടികള്‍ അപര്യാപ്തമായിരുന്നെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Summary: Three people lost their lives and ten were injured in a stampede during the Rath Yatra at the Jagannath Temple in Puri. The tragic incident occurred amid a heavy rush of devotees participating in the annual chariot festival.