പാക്കിസ്ഥാൻ രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധപ്പെട്ട് ചാരവൃത്തി നടത്തിയതിന് ഹരിയാനയിൽ യുവതി അറസ്റ്റിൽ. യുവവനിതാ വ്‌ളോഗറായ ജ്യോതി മൽഹോത്രയാണ് അറസ്റ്റിലായത്. ‘ട്രാവൽ വിത്ത് ജോ’ എന്ന പേരിൽ യുട്യൂബ് ചാനൽ നടത്തുന്ന യുവതി, 2023ൽ മാത്രം 2 തവണ പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നു.
ഇന്ത്യയുടെ തന്ത്രപ്രധാനമായ വിവരങ്ങൾ പാക്കിസ്ഥാന് നൽകിയെന്നും ഹിസാർ സ്വദേശിനിയായ യുവതിയ്‌ക്കെതിരെ ആരോപണമുണ്ട്. ചാരപ്രവർത്തിയുടെ പേരിൽ ഈ ആഴ്ച ഹരിയാനയിൽ നടക്കുന്ന മൂന്നാമത്തെ അറസ്റ്റാണ് ജ്യോതിയുടേത്. ഹരിയാനയിലും പഞ്ചാബിലുമായി അറസ്റ്റിലായ ചാരശൃംഖലയിലെ അംഗങ്ങളുമായി യുവതിക്ക് അടുത്ത ബന്ധമുണ്ടെന്നും വിവരമുണ്ട്.
യുവതി 2023ൽ ഡൽഹിയിലെ പാക്കിസ്ഥാൻ ഹൈക്കമ്മിഷൻ സന്ദർശിച്ചതായും അവിടെ വച്ച് ഹൈക്കമ്മിഷനിലെ (പിഎച്ച്സി) ജീവനക്കാരനായ എഹ്സാൻ-ഉർ-റഹീം എന്ന ഡാനിഷുമായി അടുത്ത ബന്ധം സ്ഥാപിച്ചതായും ഹരിയാന പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നുണ്ട്.
ഡാനിഷിനെ കേന്ദ്രസർക്കാർ 2025 മേയ് 13ന് പുറത്താക്കിയിരുന്നു. ഇയാളെ ‘പേഴ്‌സൺ നോൺ ഗ്രാറ്റ’ ആയി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 1923 ലെ ഔദ്യോഗിക രഹസ്യ നിയമത്തിലെ സെക്ഷൻ 3, 5, ഭാരതീയ ന്യായ സംഹിത നിയമത്തിലെ സെക്ഷൻ 152 എന്നിവ പ്രകാരമാണ് ജ്യോതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
യുവതിയെ കോടതി അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ജ്യോതി മൽഹോത്രയെ ഉടൻ ചോദ്യം ചെയ്യുമെന്ന് ഹിസാർ പൊലീസ് അധികൃതർ അറിയിച്ചു.