ഹൈദരാബാദ്: രാജ്യത്തെ ആറ് നഗരങ്ങളിൽ നിന്ന് അയോധ്യയിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന വിമാനങ്ങൾ റദ്ദാക്കി സ്‌പൈസ്‌ജെറ്റ്. ചെന്നൈ, ബെംഗളൂരു, ജയ്പൂർ, പട്‌ന, ദർഭംഗ, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നുള്ള സർവീസ് ആണ് റദ്ദാക്കിയത്. ഫെബ്രുവരി മുതൽ എട്ട് നഗരങ്ങളിൽ നിന്ന് അയോധ്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ നടത്തിയിരുന്നു.(Spicejet discontinues ayodhya flights from 6 places)
നിലവിൽ അഹമ്മദാബാദ്, ഡൽഹി നഗരങ്ങളിൽനിന്ന് മാത്രമാണ് സർവീസുള്ളത്. ഹൈദരാബാദിൽനിന്നുള്ള സർവീസാണ് അവസാനം നിർത്തിവെച്ചത്. സ്‌പൈസ്‌ജെറ്റിന്റെ എയർബസ് എ320 ആണ് ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്നത്. ജൂൺ ഒന്ന് മുതലാണ് സർവീസ് നിർത്തിവച്ചത്. യാത്രക്കാർ വൻതോതിൽ കുറഞ്ഞതോടെയാണ് സർവീസുകൾ നിർത്തിവെക്കാൻ കമ്പനി തീരുമാനമെടുത്തത്.
”സാധാരണയായി ടിക്കറ്റ് വിൽപ്പന കുറയുമ്പോഴാണ് ഒരു എയർലൈൻസ് സർവീസ് നിർത്തിവെക്കുന്നത്. തുടക്കത്തിൽ അയോധ്യ കാണാൻ ആളുകൾ വലിയ താൽപ്പര്യം കാണിച്ചിരുന്നെങ്കിലും ക്രമേണ അത് കുറഞ്ഞു”-വിമാനക്കമ്പനി പ്രതിനിധിയെ ഉദ്ധരിച്ച് ‘ദ ഹിന്ദു’ റിപ്പോർട്ട് ചെയ്തു.
ഏപ്രിൽ രണ്ടിനാണ് ഹൈദരാബാദിൽനിന്ന് അയോധ്യയിലേക്ക് വിമാനസർവീസ് ആരംഭിച്ചത്. നിലവിൽ വിമാനക്കമ്പനിയുടെ വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യുമ്പോൾ ഡൽഹി വഴിയാണ് റൂട്ട് കാണിക്കുന്നത്.
Read Also: ഓണ സമ്മാനമായി വിഴിഞ്ഞം തുറമുഖം; ട്രയൽ റണ്ണിന് ഒരുങ്ങുന്നു
Read Also: ഇനി ആന്ധ്രയെ നായിഡു നയിക്കും; മോദിയും അമിത് ഷായും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു