ചൈനയിലെ കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത് ജയിലിലായ മാധ്യമപ്രവർത്തക തിങ്കളാഴ്ച ജയിൽ മോചിതയാവും. മുൻ അഭിഭാഷക കൂടിയായ ഷാങ് ഷാൻ ആണ് 2020 മുതൽ നാല് വർഷകാലമായി ജയിൽ ശിക്ഷ അനുഭവിച്ചത്.
കോവിഡ് വ്യാപനത്തിൽ സർക്കാരിനെ ചോദ്യം ചെയ്തുകൊണ്ടുള്ള നിരവധി വിഡിയോകളും പുറത്തുവിട്ടു. ഇതിനുപിന്നാലെ മേയില്‍ ഷാങ്ങിനെ ജയിലിലടച്ചു. കലാപത്തിന് ആഹ്വാനം ചെയ്യുകയും സംഘർഷമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന കുറ്റത്തിന് ഡിസംബറിൽ 4 വർഷം ജയിൽശിക്ഷ വിധിക്കുകയായിരുന്നു. വുഹാനിൽ നേരിട്ട് പോയിട്ടായിരുന്നു ഷാങ് ഷാൻ ട്വിറ്റർ, യൂട്യൂബ്, വിചാറ്റ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ റിപ്പോർട്ടുകൾ പുറത്തുവിട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ ലോക്ക്ഡൗണിനെ തുടർന്ന് അടച്ചതോടെ ഷാങ് ഷാൻ അടക്കം വളരെ ചുരുക്കം മാധ്യമപ്രവർത്തകർ മാത്രമായിരുന്നു റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നത്.
രാജ്യം ലോക്ക്ഡൗണിലായതും ആശുപത്രികളിലെ ട്രോളികളിൽ രോഗികളെ കൊണ്ട് നിറഞ്ഞതുമായ ദൃശ്യങ്ങൾ ഷാങ് ഷാൻ പുറത്തുവിട്ടിരുന്നു.2020 മേയ് മാസത്തിലാണ് ഷാങ് ഷാനിനെ അറസ്റ്റ് ചെയ്തത്. രാജ്യത്ത് കലഹങ്ങളും പ്രശ്‌നങ്ങളും ഉണ്ടാക്കിയെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. 2020 മുതൽ ചൈനയിലെ ഷാങ്ഹായ് വനിതാജയിലായിരുന്നു ഷാങ് ഷാൻ കഴിഞ്ഞിരുന്നത്.ജയിലിൽ പോകുമ്പോൾ 74 കിലോയുണ്ടായിരുന്ന ഷാങിന് നിലവിൽ 40 കിലോയിൽ താഴേ മാത്രമാണ് ഭാരമുള്ളതെന്നും അഭിഭാഷകൻ പറഞ്ഞു. വുഹാനിലേക്ക് കടന്ന് ചെന്ന് വീഡിയോകൾ ചിത്രീകരിച്ചുവെന്നതാണ് ഷാങിനെതിരെയുള്ള കുറ്റം ചുമത്തിയതെങ്കിലും വീഡിയോകൾ ട്വിറ്ററിലിട്ടതും അമേരിക്കൻ ഫണ്ട് സ്വീകരിക്കുന്ന റേഡിയോ ഫ്രീ പോലുള്ള മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയതുമാണ് ഭരണകൂടത്തിനെ ചൊടിപ്പിച്ചതെന്നും അഭിഭാഷകൻ ആരോപിച്ചു.
‘നഗരം സ്തംഭിച്ചിരിക്കുന്നു എന്നല്ലാതെ എനിക്ക് ഒന്നും പറയാനില്ല. അതാണ് ഈ രാജ്യം ഇപ്പോൾ അഭിമുഖീകരിക്കുന്നത്… പകർച്ചവ്യാധി പ്രതിരോധത്തിന്റെ പേരിൽ അവർ നമ്മെ തടവിലിടുകയും നമ്മുടെ സ്വാതന്ത്ര്യത്തെ തടയുകയും ചെയ്യുന്നു’ എന്നായിരുന്നു കോവിഡ് കാലത്ത് റിപ്പോർട്ട് ചെയ്ത ഒരു വീഡിയോയിൽ ഷാങ് ഷാൻ പറഞ്ഞത്.
40 വയസ് തികഞ്ഞ ഷാങ് ഷാൻ ജയിലിലായിരുന്നപ്പോഴും തന്റെ ശിക്ഷയിൽ പ്രതിഷേധിച്ച് നിരാഹാര സമരത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് ആരോഗ്യം മോശമായ ഷാങ് ഷാനിനെ നിർബന്ധിച്ച് ഭക്ഷണം നൽകാനായി മൂക്കിന് മുകളിൽ ട്യൂബ് ഇട്ടിട്ടുണ്ടെന്നും കൈകൾ കെട്ടിയിരുന്നെന്നും അഭിഭാഷകർ ലോകത്തോട് പറഞ്ഞിരുന്നു.
എന്നാൽ ജയിൽ മോചിതയാവുന്ന ഷാങ്ങിനെ ഒന്നെങ്കിൽ വീട്ടിലേക്ക് അയക്കുകയോ അല്ലെങ്കിൽ കുറച്ച് മാസക്കാലത്തേക്ക് സോഫ്റ്റ് ജയിൽ എന്ന സ്ഥലത്തേക്ക് അയക്കുകയോ ആയിരിക്കും ചെയ്യുകയെന്നും ഷാങ്ങിന്റെ മുൻ അഭിഭാഷകൻ പറഞ്ഞു.