മലപ്പുറം: പട്ടയത്തിലെ തെറ്റുകൾ തിരുത്തുന്നതിനായി കൈക്കൂലി വാങ്ങിയ സംഭവത്തിൽ തിരുവാലി വില്ലേജ് ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ കൂടി പിടിയിലായി. മുൻപ് ഇതേ ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് തൃക്കലങ്ങോട് ആമയൂർ സ്വദേശി റഹ്‌മത്തുള്ള കൈക്കൂലിക്കേസിൽ പിടിയിലായിരുന്നു.
ഇപ്പോൾ സ്പെഷ്യൽ വില്ലേജ് ഓഫീസർ ശരത്തും വിജിലൻസിന്റെ പിടിയിലായിട്ടുണ്ട്. കുഴിമണ്ണ സ്വദേശിയിൽ നിന്ന് പട്ടയത്തിലെ തെറ്റുകൾ തിരുത്തുന്നതിനായി ഏഴ് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന പരാതിയിലാണ് ഇപ്പോൾ ഇയാളെ അറസ്റ്റ് ചെയ്തത്.
കൈക്കൂലി തുകയായ 50000 രൂപ കൈപ്പറ്റുന്നതിനിടയിലാണ് റഹ്‌മത്തുള്ളയെ വിജിലൻസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതോടെ സംഭവത്തിൽ സ്പെഷ്യൽ വില്ലേജ് ഓഫീസർ ശരത്തിൻ്റെ പങ്ക് വ്യക്തമാകുകയായിരുന്നു. തുടർന്നാണ് വിജിലൻസ് ശരത്തിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം സബ്‌രജിസ്ട്രാർ ഓഫീസിലെ അസിസ്റ്റന്റ് വിജിലൻസിൻ്റെ പിടിയിലായിരുന്നു. ആലപ്പുഴ മുഹമ്മ സ്വദേശിനിയിൽനിന്ന് 1,750 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ശ്രീജ പിടിയിലായത്. ആധാരം രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ജോലിചെയ്യുന്ന ആളാണ് മുഹമ്മ സ്വദേശിനി.
കഴിഞ്ഞമാസം 21ന് ഇവർ 55ലക്ഷംരൂപ വിലവരുന്ന വസ്തുവിന്റെ രജിസ്‌ട്രേഷൻ നടത്താൻ കൊച്ചി ഓഫീസിലെത്തിയിരുന്നു. രജിസ്‌ട്രേഷൻ നടത്തുന്നതിന് തനിക്കും സബ് രജിസ്ട്രാർക്കും ക്ലാർക്കിനും കൈക്കൂലി വേണമെന്ന് ശ്രീജ ആവശ്യപ്പെടുകയായിരുന്നു. 1,750 രൂപ നൽകി.
അടുത്തദിവസം സബ്‌രജിസ്ട്രാർ ഓഫീസർക്ക് 2,000, ക്ലാർക്കിന് 1,000, തനിക്ക് 500 എന്നിങ്ങനെയാണ് വാങ്ങുന്നതെന്ന് അറിയിക്കുകയായിരുന്നു. ഇനി വരുമ്പോൾ അതുനൽകണമെന്നും പറഞ്ഞു. തുടർന്ന് പരാതിക്കാരി ഈ വിവരം എറണാകുളം വിജിലൻസ് മദ്ധ്യമേഖല പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു. ഇന്നലെ വൈകിട്ട് പരാതിക്കാരിയിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്ര് ചെയ്തത്.