കൊച്ചി: പൊന്നാനി പീഡന ആരോപണത്തിൽ എസ്പിയടക്കമുള്ള ഉന്നത പോലിസ് ഉദ്യോഗസ്ഥർക്കെതിരേ കേസെടുക്കണമെന്ന പൊന്നാനി മജിസ്‌ട്രേറ്റ് കോടതി വിധി ഹൈക്കോടതി റദ്ദാക്കി. ആരോപണ വിധേയനായ സി ഐ വിനോദ് വലിയാറ്റൂർ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടി.
എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വി വി ബെന്നി, സിഐ വിനോദ് തുടങ്ങിയവർക്കെതിരേ കേസെടുക്കണമെന്ന വിധിയാണ് റദ്ദാക്കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ, ജസ്റ്റിസ് എസ് മനു എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.
സിംഗിൾ ബെഞ്ച് ഉത്തരവ് നിയമപരമായി തെറ്റാണെന്നായിരുന്നു വാദം. വീടിന്റെ അവകാശ തർക്കത്തിന് പരിഹാരം തേടി ചെന്ന തന്നെ പൊലീസ് ഉദ്യോഗസ്ഥർ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി.
ആദ്യം പരാതി നൽകിയ പൊന്നാനി സിഐ വിനോദ് വീട്ടിലെത്തി ബലാത്സംഗം ചെയ്തെന്നും ഈ പരാതി ഡിവൈഎസ്പി ബെന്നിക്ക് കൈമാറിയപ്പോൾ ബെന്നിയും തന്നെ ഉപദ്രവിച്ചതായും വീട്ടമ്മ പറയുന്നു. പിന്നീട് മലപ്പുറം എസ്പിയെ സുജിത് ദാസിനെ കണ്ടപ്പോൾ അദ്ദേഹവും തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയിലുണ്ട്.
എന്നാലിത് പൊലീസ് ഉദ്യോഗസ്ഥരെ ചതിയിൽപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി കെട്ടിച്ചമച്ച പരാതിയാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. സപെഷ്യൽ ഇൻവെസ്റ്റിഗേഷൻ എന്ന പേരിൽ റിപ്പോർട്ടർ ചാനലാണ് വീട്ടമ്മയുടെ അഭിമുഖമടക്കം ആദ്യം വാർത്ത പ്രസിദ്ധീകരിച്ചതും പരാതി നൽകുന്നതായി പുറത്തുവിട്ടതും. ഇതുമായി ബന്ധപ്പെട്ട ഗൂഡോലോചനയിൽ പി വി അൻവർ എംഎൽഎ ഉൾപ്പെടെയുള്ളവർ ഉണ്ടെന്നാണ് ഉയർന്നുവരുന്ന ആരോപണം. ഡിവൈഎസ്പി ബെന്നി മുട്ടിൽ മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു.
2022-ലെ സംഭവത്തിൽ ഇനിയും കേസെടുത്തില്ലെന്നു ചൂണ്ടിക്കാട്ടി യുവതി നൽകിയ ഹർജിയിൽ നേരത്തേ സിംഗിൾ ബെഞ്ച് മജിസ്ട്രേറ്റിനോട് അന്വേഷണത്തിന് ഉത്തരവിടാൻ നിർദേശിച്ചിരുന്നു. പരാതി പരിഗണിച്ച മജിസ്ട്രേറ്റിന്റെ റിപ്പോർട്ടടക്കം കണക്കിലെടുത്തായിരുന്നു ഇത്. ഇതിനെതിരേയാണ് സിഐ അപ്പീൽ നൽകിയത്.