സോള്‍: ദക്ഷിണ കൊറിയയില്‍ സൈനികാഭ്യാസത്തിനിടെ യുദ്ധവിമാനങ്ങൾ അബദ്ധത്തില്‍ ബോംബിട്ടു. ജനവാസമേഖലയിലാണ് സംഭവം. ബോംബ് വാർഷിച്ചതിനെ തുടർന്ന് പതിനഞ്ചുപേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. രണ്ട് യുദ്ധവിമാനങ്ങളില്‍ നിന്നായി എട്ടുബോംബുകളാണ് പതിച്ചതെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര കൊറിയയ്ക്ക് സമീപമുള്ള പൊചെയോണ്‍ നഗരത്തില്‍ വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ ആയിരുന്നു സംഭവം നടന്നത്.
പരിശീലനത്തിനിടെ എയര്‍ഫോഴ്‌സ് കെ.എഫ്. 16 എയര്‍ ക്രാഫ്റ്റുകളില്‍ നിന്ന് എം.കെ. 82 ഇനത്തില്‍പ്പെട്ട ബോംബുകളാണ് പതിച്ചത്. കെട്ടിടങ്ങള്‍ക്കും പള്ളിക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും നാശനഷ്ടങ്ങള്‍ക്ക് മാപ്പുചോദിക്കുന്നതായും ദക്ഷിണ കൊറിയൻ വ്യോമസേന അറിയിച്ചു.