ശ്വാസതടസ്സത്തെ തുടർന്ന് സോണിയ ഗാന്ധി ആശുപത്രിയിൽ
ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ പാർട്ടി അധ്യക്ഷയുമായ സോണിയ ഗാന്ധിയെ ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡൽഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ രാത്രി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഡൽഹിയിൽ നിലവിൽ അനുഭവപ്പെടുന്ന കനത്ത തണുപ്പും ഉയർന്ന വായുമലിനീകരണവും ശ്വാസതടസ്സത്തിന് കാരണമായതാകാമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം.
ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ മുൻപും സോണിയ ഗാന്ധിയെ അലട്ടിയിട്ടുള്ളതിനാൽ മുൻകരുതൽ എന്ന നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഡോക്ടർമാർ വ്യക്തമാക്കി.
ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ വിവിധ പരിശോധനകൾ നടത്തി. ആവശ്യമായ മരുന്നുകളും ഓക്സിജൻ സഹായവും നൽകിയതോടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായതായും ഡോക്ടർമാർ അറിയിച്ചു.
ശ്വാസതടസ്സത്തെ തുടർന്ന് സോണിയ ഗാന്ധി ആശുപത്രിയിൽ
നിലവിൽ സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സയോട് നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതൽ നിരീക്ഷണത്തിന്റെ ഭാഗമായാണ് ആശുപത്രിയിൽ തുടരുന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
തുടർച്ചയായ മെഡിക്കൽ നിരീക്ഷണം നടത്തിവരികയാണ്. ആരോഗ്യനില ഇങ്ങനെ തന്നെ തുടരുകയാണെങ്കിൽ രണ്ടു ദിവസത്തിനകം ആശുപത്രി വിടാൻ കഴിയുമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.
സോണിയ ഗാന്ധിയുടെ ആശുപത്രിവാസ വാർത്ത പുറത്തുവന്നതോടെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ആശങ്ക പ്രകടിപ്പിച്ചു.
നിരവധി കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സോണിയ ഗാന്ധിയുടെ വേഗത്തിലുള്ള സുഖപ്രാപ്തിക്കായി ആശംസകൾ നേർന്നു.









