ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് എത്തിക്കാന്‍ നീക്കം. അടുത്ത വര്‍ഷം ഏപ്രിലില്‍ കര്‍ണാടകയില്‍ നാല് രാജ്യസഭ സീറ്റുകള്‍ ഒഴിവ് വരുന്ന സാഹചര്യത്തിലാണ് സോണിയയെ മത്സരിപ്പിക്കാനുള്ള നീക്കം കോണ്‍ഗ്രസ് നടത്തുന്നത്. കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ എത്തിയ സോണിയ ഗാന്ധിയോട് മുഖ്യമന്ത്രി സിദ്ധരാമയ്യ ഇക്കാര്യം സംസാരിച്ചു. നിലവില്‍ റായ്ബറേലിയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് സോണിയ. സോണിയക്ക് പകരം റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.
കര്‍ണാടകയില്‍ കോണ്‍ഗ്രസിന് മൂന്ന് സീറ്റ് വരെ രാജ്യസഭയിലേക്ക് വിജയിപ്പിച്ചെടുക്കാനാവും. ഇതില്‍ ഒന്നില്‍ സോണിയ ഗാന്ധിയെ മത്സരിപ്പിക്കാനാണ് നീക്കം. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സോണിയ മത്സരിക്കില്ലെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനുള്ള ഏക സീറ്റാണ് റായ്ബറേലി.
ജി എസ് ചന്ദ്രശേഖര്‍, സയ്യിദ് നസീര്‍ ഹുസൈന്‍, എന്‍ ഹനുമയ്യ, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ സീറ്റുകളാണ് ഒഴിവു വരുന്നത്. രാജ്യസഭയിലേക്ക് മത്സരിക്കുന്നതില്‍ സിദ്ധരാമയ്യയോട് സോണിയ ഗാന്ധി മറുപടിയൊന്നും പറഞ്ഞിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. സയ്യിദ് നസീര്‍ ഹുസൈനും സുപ്രിയ ശ്രീനാഥെയും മറ്റു രണ്ടു സീറ്റുകളില്‍ മത്സരിക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അടുത്ത സുഹൃത്ത് കൂടിയാണ് സയ്യിദ് നസീര്‍ ഹുസൈന്‍.