ഹമ്മിംഗ് പാടി ഇഷ്ടപ്പെട്ട പാട്ടുകൾ തിരയാൻ സഹായിക്കുന്ന പുതിയ ഫീച്ചറുമായി യുട്യൂബ്. യൂട്യൂബ് മ്യൂസിക്കിന്റെ ആൻഡ്രോയ്ഡ് പതിപ്പിലാണ് ഈ പുതിയ ഫീച്ചർ ലഭ്യമാകുക. മെഷീൻ ലേണിംഗ് (എംഎൽ), ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) എന്നിവ ഉപയോഗിച്ച് പാട്ടുകൾ കണ്ടെത്താൻ ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്ന ഫീച്ചർ ആണിത്.
‘ഹം ടു സെർച്ച്’ എന്ന ഈ ഫീച്ചർ ആൻഡ്രോയിഡ് ആപ്പ് 7.02-പതിപ്പിനുള്ള യൂട്യൂബ് മ്യൂസിക്കിൽ ആണ് കണ്ടെത്തിയിരിക്കുന്നത്. ആപ്പിൽ മൈക്രോഫോൺ ഐക്കണിനോട് ചേർന്ന് സ്ക്രീനിൻ്റെ മുകളിൽ വലത് കോണിലുള്ള ഒരു പുതിയ വേവ്ഫോം ഐക്കൺ ആണ് ഈ ഫീച്ചർ ലഭ്യമാക്കുന്നത്. ഐക്കണിൽ ടാപ്പുചെയ്യുമ്പോൾ “പ്ലെ സിങ്, ഓർ ഹം എ സോങ്” എന്ന പേജ് കാണാൻ കഴിയും. ഇവിടെ സെർച്ച് ചെയ്താൽ പാട്ട്, ആർട്ടിസ്റ്റ്, വർഷം, ആൽബം അടക്കമുള്ള എല്ലാ വിവരങ്ങളും ഉപയോക്താക്കൾക്ക് ഉടനടി ലഭിക്കും. അവയ്ക്ക് താഴെ, പാട്ട് പ്ലേ ചെയ്യാനും സേവ് ചെയ്യാനുമുള്ള ഓപ്ഷനുകളും ലഭിക്കും.
2024 മാർച്ചിൽ യൂട്യൂബ് മ്യൂസിക്കിൽ ഗൂഗിൾ ഈ ഫീച്ചർ പരീക്ഷിക്കാൻ തുടങ്ങിയതാണ്. എങ്കിലും ഇത് പൊതുജനങ്ങളിലേക്ക് ഇതുവരെ എത്തിയിട്ടില്ല. നിലവിൽ നടക്കുന്ന പരീക്ഷണം വിജയമെങ്കിൽ ഉടൻ തന്നെ ഇത് ഉപയോക്താക്കളിലേക്ക് എത്തിക്കാൻ യൂട്യൂബ് തയ്യാറാകുമെന്നാണ് സൂചന.
Read More: മഴക്കാല അപകടങ്ങൾ ഒഴിവാക്കണം; ഗോവയിൽ നീന്തലിന് വിലക്ക് ഏർപ്പെടുത്തി ജില്ലാ ഭരണകൂടം