പാലക്കാട്: ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം. അരളികോണം സ്വദേശി രേഷി (55)യാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ മകൻ രഘു (36) വിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉറങ്ങി കിടക്കുകയായിരുന്ന രേഷിയെ ഹോളോബ്രിക്സ് ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.
രഘു മാനസിക പ്രശ്‌നങ്ങൾ ചികിത്സ തേടുന്നയാളാണെന്ന് പൊലീസ് അറിയിച്ചു. രേഷിയുടെ മൃതദേഹം കോട്ടത്തറ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവർ തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നതായാണ് വിവരം.