നടൻ മോഹൻലാൽ ആശുപത്രിയിലെന്ന് സമൂഹമാധ്യങ്ങളിൽ വ്യാജ പ്രചരണം. സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന പോസ്റ്റുകൾ നടൻ ആശുപത്രിയിൽ ചികിത്സയിലാണെന്ന് അവകാശപ്പെടുന്നവയാണ്.
പനിയും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കാരണം മോഹൻലാലിനെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റുകൾ.
ചിലതിൽ ചില ആശുപത്രി റിപ്പോർട്ടുകളും നടന്റെ ചിത്രം ഉൾക്കൊള്ളുന്ന പോസ്റ്ററുകളും ഉൾപ്പെടുത്തിയിരുന്നു. പുതിയ സംഭവം എന്ന രീതിയിലാണ് പ്രചരിക്കുന്ന പോസ്റ്റുകളിലെയും വിഡിയോയിലെയും അവതരണം.
എന്നാൽ വാർത്ത 2024 ആഗസ്റ്റ് 18ലേതാണെന്ന് ആണ് പുറത്തുവരുന്ന വിവരം. അന്ന് പനിയും ശ്വാസതടസ്സവും കാരണം മോഹൻലാൽ അമൃത ആശുപത്രിയിൽ വൈദ്യസഹായം തേടിയിരുന്നു.
അന്ന് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ ശ്വാസകോശ അണുബാധയും സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം വൈദ്യ പരിചരണത്തിലാണെന്നും സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്നും ആശുപത്രി അധികൃതർ പ്രസ്താവനയിൽ അന്ന് വ്യക്തമാക്കിയിരുന്നു. ഇതാണ് പുതിയ വാർത്ത എന്ന തരത്തിൽ ഇപ്പോൾ പ്രചരിക്കുന്നത്.
അന്ന് ലാലിന് അഞ്ചുദിവസത്തെ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. തിരക്കുള്ള സ്ഥലങ്ങളിൽ സന്ദർശനം ഒഴിവാക്കണമെന്നും നിർദേത്തിലുണ്ടായിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വെളിപ്പെടുത്തലുകളും മറ്റും ചർച്ച ചെയ്യാൻ ചേരാനിരുന്ന ‘അമ്മ’ എക്സിക്യൂട്ടീവ് മോഹൻലാലിന് എത്താൻ അസൗകര്യമുള്ളതിനാൽ മാറ്റിയതായുള്ള വാർത്ത ആഗസ്റ്റ് 26നാണ് പുറത്തുവന്നത്.