മുംബൈ: മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി ടിവി സീരിയലിലേക്ക് തിരിച്ചെത്തുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
ക്യും കി സാസ് ഭി കഭി ബഹു തി എന്ന സീരിയലിലെ തുളസി എന്ന കഥാപാത്രത്തിലൂടെയാണ് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതയായത്.
ഐക്കണിക് ഷോയുടെ രണ്ടാം സീസണിന്റെ ഷൂട്ടിംഗ് തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. സ്മൃതി വീണ്ടും സെറ്റിൽ എത്തിയിരിക്കുന്നു എന്നാണ് ചില ബോളിവുഡ് മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. സ്മൃതി ഇറാനിക്ക് z പ്ലസ് സുരക്ഷയാണ് നൽകുന്നത് എന്നും റിപോർട്ടുകൾ പറയുന്നു.
അതോടൊപ്പം തന്നെ ഇപ്പോൾ സ്മൃതി ഇറാനി എത്രയാണ് പുതിയ സീരിയലിൽ ശമ്പളം വാങ്ങുന്നത് എന്ന വിവരവും പുറത്തുവരുന്നുണ്ട്. ബോളിവുഡ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം മുൻ കേന്ദ്രമന്ത്രിയായ നടിക്ക് ഒരു എപ്പിസോഡിന് 14 ലക്ഷം രൂപയാണ് ഈ സീരിയലിൽ അഭിനയിക്കുന്നതിന് പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്.
പക്ഷെ ഇതിൽ അണിയറക്കാർ വിശദീകരണം നൽകിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ക്യൂങ്കി സാസ് ഭി കഭി ബഹു തിയുടെ പുതിയ സീസൺ കഴിഞ്ഞ കുറച്ച് മാസങ്ങളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ഔദ്യോഗിക പ്രഖ്യാപനത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ഷൂട്ടിൻറെ ഏതെങ്കിലും ഭാഗം ചോരുന്നത് ഒഴിവാക്കാൻ മൊബൈൽ ഫോണുകൾ ടേപ്പ് ചെയ്യുന്നുണ്ടെന്നാണ് വിവരം. എല്ലാം സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ അധിക മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്നത്.
ഇന്ത്യയിലെ ഏറ്റവും ഉയർന്ന സുരക്ഷയായ സെഡ് പ്ലസ് സുരക്ഷയിലാണ് സീരിയൽ ഷൂട്ട് എന്നാണ് വിവരം.
“അമർ ഉപാധ്യായ സർ, സ്മൃതി മാഡം, ഏക്താ കപൂർ മാഡം എന്നിവരൊഴികെ സെറ്റിലുള്ള എല്ലാവരുടെയും മൊബൈൽ ഫോണുകൾ ടേപ്പ് ചെയ്യും. സെറ്റിൽ എല്ലാവർക്കും മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കുണ്ടാകും. സ്മൃതിയും കനത്ത സുരക്ഷയോടെയാണ് ഷൂട്ട് ചെയ്യുന്നത്, സെറ്റിലുള്ള എല്ലാവരും കർശനമായ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കേണ്ടതുണ്ട്.”
സ്മൃതി ഇറാനി ആദ്യമായി തുളസി വിരാനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പാണ്. പിന്നീട് അവരുടെ കഥാപാത്രം ഇന്ത്യൻ ടെലിവിഷനിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നായി മാറിയിരുന്നു.
2000 മുതൽ 2008 വരെ ഈ പരമ്പര സംപ്രേഷണം ചെയ്തു. ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ശോഭ കപൂറും ഏക്താ കപൂറും ചേർന്നാണ് ഈ പരമ്പര നിർമ്മിച്ചത്. 2003 ൽ ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേർന്നാണ് സ്മൃതി ഇറാനി രാഷ്ട്രീയ ജീവിതം തുടങ്ങിയത്.
2014 മുതൽ 2024 വരെ കേന്ദ്ര മന്ത്രിസഭയിൽ അംഗമായിരുന്നു സ്മൃതി ഇറാനി. എന്നാൽ 2024 തെരഞ്ഞെടുപ്പിൽ ഇവർ അമേഠിയിൽ പരാജയപ്പെട്ടിരുന്നു. നിലവിൽ രാഷ്ട്രീയ പ്രവർത്തനം തുടരുന്നതിനിടെയാണ് മിനി സ്ക്രീനിലേക്ക് സ്‌മൃതിയുടെ തിരിച്ചുവരവ്.