പാലക്കാട്: സെപ്തംബർ 15നാണ് തിരുവോണം.
ഓണത്തിന് ഇനിയും രണ്ടുമാസം ബാക്കി നിൽക്കെ രാജ്യത്തിന്റെ പ്രധാന നഗരങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളിലെ സ്ലീപ്പർ ക്ലാസ് ടിക്കറ്റുകൾ മുഴുവൻ തീർന്നു.Sleeper tickets are empty two months before
ഓണാവധി ആരംഭിച്ചാൽ സ്വകാര്യ ബസ് സർവീസുകൾ വലിയ നിരക്കാവും ഈടാക്കുക. നിലവിൽ ഓണത്തലേന്നായ സെപ്തംബർ 13 ന് ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് 2999 രൂപയാണ് ടിക്കറ്റ് നിരക്ക്. കേരളത്തിലേക്ക് യാത്രസൗകര്യം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ചെന്നൈ, ബാംഗ്ലൂർ, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് സെപ്തംബർ 13ന് പുറപ്പെടുന്ന ട്രെയിനുകളിൽ വെയിറ്റിംഗ് നമ്പർ 100 കടന്നു. ഇതേ നഗരങ്ങളിലേക്ക് കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ നിന്ന് സെപ്തംബർ 16നും സ്ലീപ്പർ ക്ലാസ് ടിക്കറ്റ് കിട്ടാനില്ല.
മലയാളികൾ ഏറെയുള്ള മുംബയ്. ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്ന് കഴിഞ്ഞ ഓണത്തിനും പ്രത്യേക ട്രെയിനുകളുണ്ടായിരുന്നില്ല. ഇതേത്തുടർന്ന് നാട്ടിലെത്താൻ ഏറെ പണിപ്പെടേണ്ടി വന്നു. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്ക് മാത്രമാണ് ട്രെയിനുകൾ അനുവദിച്ചത്.
മുൻ വർഷങ്ങളിലേത് പോലെ ഓണാവധിക്ക് ഒന്നോ രണ്ടോ ദിവസങ്ങൾക്ക് മുമ്പ് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിക്കുന്ന രീതിമാറ്റി നേരത്തേ തന്നെ നടപടികൾ സ്വീകരിക്കാൻ റെയിൽവേ മന്ത്രാലയം തയ്യാറാകണമെന്നാണ് മറുനാടൻ മലയാളികൾ ആവശ്യപ്പെടുന്നത്.
വൈകി പ്രഖ്യാപിക്കുന്ന സ്‌പെഷ്യൽ ട്രെയിൻ യാത്രക്കാർക്ക് പൊതുവെ സഹായകരമാകില്ല. കൊവിഡിന് മുമ്പുവരെ ഓണത്തോടനുബന്ധിച്ചുള്ള തിരക്ക് പരിഗണിച്ച് റെയിൽവേ സ്‌പെഷ്യൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ചിരുന്നെങ്കിൽ കൊവിഡിന് ശേഷം സ്‌പെഷ്യൽ ട്രെയിനുകൾ നാമ മാത്രം അനുവദിച്ച് യാത്രക്കാരെ ദുരിതത്തിലാക്കുന്നതായി പരാതിയുണ്ട്. നിലവിലുള്ള നിരക്കിന്റെ 1.3 ശതമാനം അധികം തുകയാണ് സ്‌പെഷ്യൽ ട്രെയിനിലെ യാത്രക്കാരിൽ നിന്ന് ഈടാക്കുന്നത്.
കൊവിഡിന് മുമ്പുണ്ടായിരുന്ന പല ട്രെയിനുകളും ഇതുവരെ പുനഃസ്ഥാപിച്ചിട്ടല്ല. ആലപ്പുഴ -ധൻബാദ് എക്സ്പ്രസ്, ന്യൂഡൽഹി -തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, എറണാകുളം -ഹസ്രത്ത് നിസാമുദ്ദീൻ തുടങ്ങി മിക്ക ദീർഘദൂര ട്രെയിനുകളും കോച്ചുകൾ എൽ.എച്ച്.ബിയിലേക്ക് മാറ്റിയതോടെ ജനറൽ കോച്ചുകളുടെ എണ്ണം കുറച്ചതും തിരക്ക് വർദ്ധിക്കാൻ ഇടയാക്കിയിട്ടുണ്ട്.