പാല: ഇടിമിന്നലേറ്റ് സഹോദരങ്ങൾക്ക് പരിക്കേറ്റു. കോട്ടയം പാലായിലാണ് അപകടമുണ്ടായത്. ആണ്ടൂർ സ്വദേശികളായ ആൻ മരിയ (22) ആൻഡ്രൂസ് (17) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് സംഭവം.
വീട്ടിൽ വെച്ചാണ് ഇരുവർക്കും മിന്നലേറ്റത്. പരിക്കേറ്റ ആൻമരിയയേയും ആൻഡ്രൂസിനേയും ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇന്ന് മുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് ആണ് മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കാണ് സാധ്യതയെന്ന് മുന്നറിയിപ്പിൽ പറയുന്നു. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കേരളത്തിൽ 5 ദിവസം മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്ന് രണ്ടു ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും മറ്റന്നാൾ മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.