വിണ്ണിലെ ഗന്ധർവ്വൻ മണ്ണിലിറങ്ങി വന്നൊരു അനുഭൂതി. അതുകൊണ്ട് തന്നെയാകാം ആ സ്വര മാധുര്യത്തിന് “ഗാന ഗന്ധർവ്വൻ” എന്ന വിളിപ്പേരു വന്നതും. ആ കണ്ഠത്തിൽ നിന്നും ഒഴുകി വരുന്ന ഓരോ വരികളിലുമുണ്ട് നമ്മെ പാട്ടിന്റെ ലോകത്തേക്ക് എത്തിക്കുന്ന മാന്ത്രികത. മലയാളത്തിൽ എന്നല്ല, അന്യഭാഷകളിൽ പോലും ആരാധകരെ സ്വന്തമാക്കിയ, പകരക്കാരനില്ലാത്ത കെ ജെ യേശുദാസിനു ഇന്ന് എൺപത്തിനാലാം പിറന്നാൾ.
1940 ജനുവരി പത്തിന് ഫോർട്ടുകൊച്ചിയിൽ സംഗീതജ്ഞനും നടനുമായിരുന്ന അഗസ്റ്റിൻ ജോസഫ് ഭാഗവതരുടേയും എലിസബത്തിന്റെയും മകനായി ജനനം. ഏഴു മക്കളിൽ രണ്ടാമനായ യേശുദാസിന്റെ ബാല്യത്തിനും പറയാനുണ്ട് കയ്പ് നീരിന്റെ കഥകൾ. പതിനൊന്നു വയസ്സിൽ പശ്ചിമകൊച്ചിയിലെ ചുള്ളിക്കലിലെ ഒരു ക്ഷേത്ര ഉത്സവത്തിന് കച്ചേരി അവതരിപ്പിച്ചായിരുന്നു അരങ്ങേറ്റം. തിരുവനന്തപുരത്തെ മ്യൂസിക് അക്കാദമി, തൃപ്പൂണിത്തുറ ആർ എൽ വി സംഗീത കോളേജ് എന്നിവിടങ്ങളിലായിരുന്നു സംഗീത വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെ തിരുവനന്തപുരം തൈക്കാടുള്ള ഔദ്യോഗിക വസതിയിലെ കാർഷെഡിൽ അദ്ദേഹത്തിന്റെ ഔദാര്യത്തിലായിരുന്നു യേശുദാസിന്റെ അന്തിയുറക്കം. വല്ലപ്പോഴും പിതാവ് അയച്ചുതരുന്ന പണം പ്രതീക്ഷിച്ച് ഹോട്ടലിൽ നിന്ന് ഒരു നേരം കടമായി കിട്ടിയ ചോറായി രുന്നു വിശപ്പടക്കിയിരുന്നത്.
ഗാനഭൂഷണം പാസ്സായ ശേഷം ആകാശവാണി നടത്തിയ ശബ്ദ പരിശോധനയിൽ പങ്കെടുത്ത യേശുദാസ് പരാജയപ്പെട്ടു എന്നത് ആർക്കെങ്കിലും വിശ്വസിക്കാൻ കഴിയുമോ. ഇന്ന് ദിവസത്തിൽ ഒരു തവണയെങ്കിലും അദ്ദേഹത്തിന്റെ ശബ്ദം കേൾക്കാതെ മലയാളികൾ ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയമാണ്. 1961ല്‍ പുറത്തിറങ്ങിയ ‘കാൽപാടുകള്’ സിനിമക്കു വേണ്ടി ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്…’ എന്ന വരികള്‍ ആലപിച്ചു കൊണ്ടാണ് ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം നടത്തിയത്. ആ നാലു വരികളിലൂടെ ഗാനഗന്ധർവൻ പിറവിയെടുക്കുകയായിരുന്നു.
എട്ട് ദേശീയ അവാർഡുകൾ, മലയാളം, തമിഴ്, ഹിന്ദി തുടങ്ങി ലാറ്റിൻ, അറബി ഭാഷകളിൽ റെക്കോർഡ് ചെയ്യപ്പെട്ട 50,000-ത്തിലധികം ഗാനങ്ങൾ , മൂന്ന് പത്മ പുരസ്‌കാരങ്ങൾ എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളിലേക്കാണ് കെ ജെ യേശുദാസ് സഞ്ചരിച്ചത്. അദ്ദേഹത്തിന്റെ സ്വര്യ മാധുര്യത്തിൽ ലയിക്കാത്ത, ആ ഗാനങ്ങൾ ഒരു തവണയെങ്കിലും കേൾക്കാൻ കൊതിക്കാത്തവർ ഉണ്ടോ എന്ന് പോലും സംശയമാണ്. അതെ, ‘മാപ്പിളയ്‌ക്കെന്ത് സംഗീതം’ എന്ന് പുച്ഛിച്ച അധ്യാപകനോടുള്ള വാശി, കെ ജെ യേശുദാസിനെ എത്തിച്ചത് സംഗീതത്തിന്റെ കൊടുമുടിയിലായിരുന്നു. സംഗീത ലോകത്തെ രാജാവിന്, പാട്ടിന്റെ പൗർണമി ചന്ദ്രന്, ഗാന ഗന്ധർവൻ കെ ജെ യേശുദാസിന് ജന്മദിനാശംസകൾ.