കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണത്തിൽ പ്രതികളായ വിദ്യാര്‍ത്ഥികളെ ഡീബാര്‍ ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. പ്രതികളുടെ മൂന്ന് വര്‍ഷത്തെ അഡ്മിഷന്‍ വിലക്കും ഹൈക്കോടതി റദ്ദ് ചെയ്തിട്ടുണ്ട്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് സർവകലാശാലയുടെ നടപടി റദ്ദാക്കിയത്.(siddharthan death case; high court cancelled debar decision of university)
നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള സര്‍വകലാശാല നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ പുതിയ അന്വേഷണം നടത്താന്‍ സര്‍വകലാശാല ആന്റി റാഗിങ് സ്‌ക്വാഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പഠനം തുടരാന്‍ പ്രതികള്‍ക്ക് അവസരം നല്‍കണം. നാല് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനും സര്‍വകലാശാലയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരി പതിനെട്ടിനായിരുന്നു സിദ്ധാർത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് സിദ്ധാര്‍ത്ഥനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേർന്ന് ഹോസ്റ്റലില്‍ വെച്ച് മര്‍ദിക്കുകയും പരസ്യ വിചാരണ നടത്തുകയും ചെയ്തിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.