ഡൽഹി: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷുഹൈബ് വധ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഷുഹൈബിന്റെ മാതാപിതാക്കളായ സി പി മുഹമ്മദ്, എസ് പി റസിയ എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. എന്നാൽ, കേസിന്റെ വിചാരണ വേളയില്‍ മറ്റ് ആരുടെയെങ്കിലും പങ്ക് തെളിഞ്ഞാല്‍ നിയമപരമായ മാര്‍ഗം തേടാന്‍ മാതാപിതാക്കള്‍ക്ക് അവകാശം ഉണ്ടെന്ന് കോടതി വ്യക്തമാക്കി.(Shuhaib murder case; The Supreme Court rejected the demand for a CBI investigation)
ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ചില പ്രതികള്‍ക്ക് സിപിഎമ്മുമായുള്ള അടുത്ത ബന്ധത്തെ കുറിച്ച് കേരളാ പൊലീസ് അന്വേഷണം നടത്തിയില്ലെന്ന് ഷുഹൈബിന്റെ മാതാപിതാക്കള്‍ക്ക് സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി. കൊലപാതകത്തിന്റെ ഗൂഢാലോചന നടത്തിയവര്‍ പ്രതി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നും അഭിഭാഷകര്‍ വാദിച്ചു. തുടര്‍ന്നാണ് വിചാരണ വേളയില്‍ മറ്റ് ആരുടെയെങ്കിലും പങ്ക് തെളിഞ്ഞാല്‍ നിയമപരമായ നടപടി സ്വീകരിക്കാന്‍ മാതാപിതാക്കള്‍ക്ക് അവകാശം ഉണ്ടായിരിക്കുമെന്ന് കോടതി വ്യക്തമാക്കിയത്.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി കെ ശശി എന്നിവർ ഹാജരായി. 2018 ഫെബ്രുവരി 12ന് എടയന്നൂരിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. തട്ടുക്കടയിൽ ചായ കുടിച്ചുകൊണ്ടിരിക്കുന്നതിനിടെ സ്ഥലത്തെത്തിയ ക്വട്ടേഷൻ ആദ്യം ബോംബെറിയുകയും പിന്നീട് ഷുഹൈബിനെ 41 തവണ വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു.