ഇതുവരെ കളിച്ച ഏഴ് കളികളില്‍ ഏഴിലും വിജയിച്ച് ഏകദിന ലോകകപ്പില്‍ ഇന്ത്യ ജൈത്രയാത്ര തുടരുകയാണ്. കരുത്തരായ ദക്ഷിണാഫ്രിക്കയെയും പിടിച്ചുകെട്ടിയതോടെ ടീം ഇന്ത്യ ആത്മവിശ്വാസത്തോടെ സെമിഫൈനലിന് ഇറങ്ങും. ടീമിന്റെ മിന്നും ഫോം കളിക്കാരുടെ വ്യക്തിപരമായ നേട്ടങ്ങൾക്കും വേദിയാവുകയാണ്. ബാറ്റിംഗ്, ബൗളിംഗ് എന്നിവയില്‍ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍താരങ്ങൾ വൻ കുതിപ്പാണ് ലോകകപ്പിലൂടെ നടത്തിയത്. പാക്കിസ്ഥാന്‍ താരം ബാബര്‍ അസമിനെ മറികടന്ന് ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഏകദിന റാങ്ങില്‍ ഒന്നാമതെത്തി. പുതിയ റാങ്കിങ് പ്രകാരം 839 റേറ്റിങ് പോയിന്റുകളുമായി ശുഭ്മാൻ ഗിൽ ഒന്നാമതും 824 പോയിന്റുമായി ബാബർ അസം രണ്ടാം സ്ഥാനത്തുമാണ്.
സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി, വിരാട് കോഹ്‌ലി എന്നിവർക്ക് ശേഷം ഏകദിന ബാറ്റർ റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടുന്ന ഇന്ത്യയില്‍ നിന്നുള്ള നാലാമത്തെ കളിക്കാരനാണു ഗിൽ.
ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജിനെ മറികടന്ന് ഒന്നാം നമ്പർ ഏകദിന ബൗളർ എന്ന പദവി ഇന്ത്യയുടെ മുഹമ്മദ് സിറാജ് സ്വന്തമാക്കി. ടീമംഗങ്ങളായ കുൽദീപ് യാദവ് മൂന്ന് സ്ഥാനങ്ങൾ ഉയർത്തി നാലാം സ്ഥാനത്തെത്തി. ജസ്പ്രീത് ബുംറ മൂന്ന് സ്ഥാനങ്ങൾ ഉയർത്തി എട്ടാം സ്ഥാനത്തെത്തി.