നഷ്ടപരിഹാരം നൽകാനാവില്ലെന്ന് കമ്പനി
കൊച്ചി: എംഎസ്‌സി എല്‍സ-3 കപ്പലപകടത്തിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട നഷ്ടപരിഹാരം നൽകാനാവില്ലെന്ന് കപ്പൽ കമ്പനി. സർക്കാർ ആവശ്യപ്പെട്ട 9531 കോടി രൂപ നഷ്ടപരിഹാരം നൽകാനാവില്ലെന്നാണ് കപ്പൽ കമ്പനി അഡ്മിറാലിറ്റി സ്യൂട്ടിൽ അറിയിച്ചത്.
അപകടം നടന്നത് രാജ്യാതിർത്തിക്ക് പുറത്താണെന്നും കമ്പനി ചൂണ്ടിക്കാട്ടി. കപ്പലപകടം കാരണം സമുദ്ര പരിസ്ഥിതിക്ക് നഷ്ടമുണ്ടായിട്ടില്ലെന്നും സംസ്ഥാനത്തിന് അഡ്മിറാലിറ്റി സ്യൂട്ട് നൽകാൻ അധികാരമില്ലെന്നും കമ്പനി പറഞ്ഞു.
ഇത് സംബന്ധിച്ച് മെഡിറ്ററേനിയൻ ഷിപ്പ് കമ്പനി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. 9,531 കോടി രൂപയുടെ അഡ്മിറാലിറ്റി സ്യൂട്ട് ആയിരുന്നു സംസ്ഥാനം ഫയൽ ചെയ്തിരുന്നത്.
പരിസ്ഥിതിക്കും മത്സ്യ സമ്പത്തിനും ഉൾപ്പെടെയുണ്ടായ നാശനഷ്ടം കണക്കിലെടുത്താണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന്റെ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്തത്.
ഇക്കാര്യത്തിൽ കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പ് കമ്പനി തുക കെട്ടിവെക്കുന്നത് വരെ കമ്പനിയുടെ തന്നെ മറ്റൊരു കപ്പലായ MV അക്കറ്റെറ്റ 2 തടഞ്ഞുവെക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
എംഎസ്‌സി എല്‍സ-3 കപ്പലിലിലെ കണ്ടെയ്നറിൽ നിന്ന് കടലിൽ ഒഴുകിയ മൈക്രോ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ, കേരളത്തിന്‍റെ സമുദ്ര ആവാസ വ്യവസ്ഥയെയും മത്സ്യ സമ്പത്തിനെയും ദോഷകരമായി ബാധിച്ചു എന്നാണ് സംസ്ഥാന സർക്കാരിന്‍റെ വാദം.
മീനും കിട്ടി, കശുവണ്ടിയും കിട്ടി; കൊല്ലത്തെ മത്സ്യത്തൊഴിലാളികൾക്ക് കോളടിച്ചു
കൊല്ലം: മത്സ്യബന്ധനത്തിന് പോയവർക്ക് കടലിൽ നിന്ന് മത്സ്യത്തോടൊപ്പം കശുവണ്ടിയും ലഭിച്ചു. കൊല്ലം അഴീക്കലിൽ നിന്ന് പോയവർക്കാണ് കശുവണ്ടി ലഭിച്ചത്.
കടലിൽ ചരക്കുകപ്പൽ മുങ്ങിയതിനെ തുടർന്ന് കടലിൽ വീണ കണ്ടെയ്നറിൽ നിന്ന് വീണ കശുവണ്ടികളാണ് വലയിലായതെന്നാണ് നിഗമനം.
ചെറിയഴീക്കലിൽ നിന്നു പോയ ബോട്ടിലെ വലയിലാണ് കശുവണ്ടി കൂടുതലായി കിട്ടിയത്. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ മത്സ്യബന്ധന മേഖല വലിയ തോതിലുള്ള തിരിച്ചടിയായിരുന്നു നേരിട്ടുകൊണ്ടിരുന്നത്.
കപ്പല്‍ അപകടത്തില്‍പെട്ടതിന് പിന്നാലെ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. മെയ് 25നാണ് കൊച്ചി പുറംകടലില്‍ കപ്പൽ അപകടം ഉണ്ടായത്.
വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട എംഎസ്‌സി എല്‍സ 3 ചരക്കുകപ്പല്‍ ആണ് മുങ്ങിയത്. സംഭവത്തിൽ നിരവധി കണ്ടെയ്‌നറുകള്‍ കടലില്‍ ഒഴുകിപ്പോയിരുന്നു. അപകടത്തെ സംസ്ഥാനം പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Summary: The shipping company involved in the MSC Elsa-3 shipwreck has informed the Admiralty Court that it cannot pay the ₹9,531 crore compensation demanded by the Kerala state government. The company argued that the accident occurred outside Indian territorial waters.