കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി. എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലാണ് നടൻ ഹാജരായത്. ശനിയാഴ്ച രാവിലെ പത്തോടെയാണ് ഷൈൻ സ്‌റ്റേഷനിലെത്തിയത്.
മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ഷൈന്‍ സ്‌റ്റേഷനിലേക്ക് കയറിയത്. നിലവിൽ താരത്തെ പോലീസ് ചോദ്യം ചെയ്യുകയാണ്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് പോലീസ് തയ്യാറാക്കിയിരിക്കുന്നത്.
ശനിയാഴ്ച രാവിലെ ഹാജരാകണമെന്ന് പോലീസ് നേരത്തെ ഷൈനിന് നോട്ടീസ് നൽകിയിരുന്നു. തൃശ്ശൂർ മുണ്ടൂരിലെ വീട്ടില്‍ നേരിട്ടെത്തിയാണ് എറണാകുളം നോര്‍ത്ത് പോലീസ് നോട്ടീസ് കൈമാറിയത്. വീട്ടില്‍ ഷൈന്‍ ഇല്ലാതിരുന്നതിനാല്‍ കുടുംബമാണ് നോട്ടീസ് കൈപ്പറ്റിയത്.
ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. നടൻ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. ഇത് എന്തിനായിരുന്നു എന്ന കാര്യത്തിൽ പോലീസ് ഷൈനോട് വിശദീകരണം തേടും.