ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി മുനമ്പം സമരനായകൻ
കൊച്ചി: മുനമ്പം സമര നായകൻ, മുഖ്യമന്ത്രി പിണറായി വിജയനേയും മകളേയും വെള്ളം കുടിപ്പിച്ച നേതാവ്, പൂഞ്ഞാർ ആശാന്റെ മകൻ, സഭയുടെ മാനസ പുത്രൻ അങ്ങനെ വിശേഷണങ്ങൾ ഏറെയുള്ള നേതാവാണ് ഷോൺ ജോർജ്.
ഇതിനെല്ലാം പുറമെ ജനകീയ വിഷയങ്ങളിലടക്കം നടത്തിയ പക്കാ പ്രഫഷണൽ രാഷ്ട്രീയ ഇടപെടലുകളാണ് ഷോണിനെ ബിജെപിയുടെ സംസ്ഥാന വൈസ്പ്രസിഡന്റ് പദത്തിലെത്തിച്ചത്.
ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ സ്ഥാനമേറ്റതു മുതൽ പറഞ്ഞു കേൾക്കുന്നതാണ് ഷോൺ ജോർജ് മുഖ്യ പദവിയിലേക്ക് എത്തുമെന്ന്.
ബിജെപി സംസ്ഥാന കമ്മിറ്റി അംഗമായിരിക്കുമ്പോൾ രാജീവ് ചന്ദ്രശേഖറിന്റെ വലംകൈയ്യായാണ് ഷോൺ ജോർജ് പ്രവർത്തിച്ചിരുന്നത്.
ഷോണിന്റെ നേതൃപാഠവം എന്തെന്നറിയണമെങ്കിൽ മുനമ്പം സമരം കൈകാര്യം ചെയ്ത രീതി മാത്രം പരിശോധിച്ചാൽ മതി. മുനമ്പത്തുകാർ വഖഫിനെതിരെ സമരം തുടങ്ങി എന്തുചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുമ്പോഴായിരുന്നു ഷോണിന്റെ വരവ്.
അതോടെ സമരത്തിന്റെ രൂപവും ഭാവവും മാറുകയായിരുന്നു. മുന്നിൽ നിന്ന് നയിക്കാൻ ഒരു ചങ്കുറപ്പുള്ള നേതാവിനെ കിട്ടിയതിന്റെ സന്തോഷമായിരുന്നു മുനമ്പത്തുകാർക്ക്.
ഇപ്പ ശരിയാക്കി തരമെന്ന് പറഞ്ഞ് മുനമ്പത്തുകാരെ ചൂഷണം ചെയ്തിരുന്ന ഇടതു-വലതു നേതാക്കളുടെ കരണത്ത് കിട്ടിയ വലിയൊരു പ്രഹരമായിരുന്നു ഷോണിന്റെ വരവ്.
പ്രശ്നം ഇപ്പോൾ തന്നെ ചർച്ചചെയ്യാം, തീർക്കാം എന്നൊക്കെ പറഞ്ഞ് മോഹന വാഗ്ദാനങ്ങളുമായി എത്തിയ അൽ മതേതരത്വ വക്താക്കളെ ആട്ടിയോടിക്കാനുള്ള ചങ്കുറപ്പ് മുനമ്പത്തുകാർക്ക് കിട്ടിയത് ഷോണിന്റെ വരവിനു ശേഷമാണ്.
മുനമ്പത്തിന്റെ പ്രശനത്തെ പറ്റി പഠിക്കുകയും അതിനുള്ള ശാശ്വത പരിഹാരം വഖഫ് ഭേദഗതി ബിൽ മാത്രമാണെന്ന് തിരിച്ചറിയുകയും ചെയതതോടെ പിന്നത്തെ നീക്കം മുഴുവൻ അതിനു വേണ്ടിയായിരുന്നു.
മുനമ്പത്തുകാരുടെ പ്രശ്നങ്ങൾ വളരെ തൻമയത്വത്തോടെ കൈകാര്യം ചെയ്യാൻ ഷോണിനായി
മുനമ്പത്തുകാരുടെ പ്രശ്നങ്ങൾ വളരെ തൻമയത്വത്തോടെ കൈകാര്യം ചെയ്യാൻ ഷോണിനായി എന്നതുത്തന്നെയാണ് ഏറ്റവും വലിയ വിജയം. ബിജെപിയുടെ കേന്ദ്ര നേതാക്കളെയും മന്ത്രിമാരെയും വരെ വിഷയത്തിൽ ഇടപെടുത്താൻ സാധിച്ചു എന്നതും ഗുണംചെയ്തു.
പിന്നീടങ്ങോടുള്ള മുനമ്പത്തുകാരുടെ പോരാട്ടത്തിൽ ഒരു രക്ഷകനായി, അതിലുപരി മുനമ്പത്തുകാരുടെ സ്വന്തം മകനെപ്പോലെ ഷോൺ മുൻനിരയിൽ തന്നെ നിന്നു.പിന്നീട് വഖഫ് ബിൽ പാസയതോടെ കേരള രാഷ്ട്രീയത്തിൽ മറ്റൊരു മാറ്റം കൂടി വന്നെന്ന് പറയാം.
ക്രൈസ്തവരുടെ പിൻബലത്തിൽ കേരള രാഷ്ട്രീയത്തിൽ വെന്നിക്കൊടി പാറിച്ച കെഎം മാണി, പിജെ ജോസഫ്, പിസി ജോർജ് തുടങ്ങിയവരുടെ നിരയിലേക്ക് ഷോണും എത്തുകയായിരുന്നു.
ഇന്ന ബിജെപിയുടെ ക്രൈസ്തവ മുഖമായി ഷോൺ മാറി.പുതുതലമുറയിൽപ്പെട്ട പൊതുപ്രവർത്തകരിൽ പകരം വെക്കാനില്ലാത്ത നേതാവാണ് ഷോൺ ജോർജ്.
വഖഫ് വിഷയത്തിൽ ഷോണിന് ശുക്രനുദിച്ചപ്പോൾ കേരള കോൺഗ്രസിന് അത് ശനിദശയുടെ ആരംഭമായിരുന്നു.മുനമ്പത്തെ ഇടപെടലോടെ പുതുതലമുറ നേതാക്കളിൽ ക്രൈസ്തവരുടെ മുഖമായി ഷോൺ മാറി.
അതുവരെ ക്രൈസതവരുടെ രക്ഷകരെന്ന് സ്വയം അവകാശപ്പെട്ടിരുന്ന പാർട്ടികളുടെ തനിനിറം മുനമ്പം വിഷയത്തിൽ മറനീക്കി പുറത്തു കൊണ്ടുവന്നതും ഈ പത്തനംതിട്ടക്കാരനായിരുന്നു.
മുനമ്പത്തുകാരെ ചേർത്തു നിർത്തി അവരിലൊരാളായി കേരളത്തിന്റെ പുത്രനായി മാറുകയായിരുന്നു ഷോൺ.
മുനമ്പം വിഷയത്തിൽ ഏറ്റവും കൂടുതൽ ഇടപെടലുകൾ നടത്തിയതും സമരത്തിന്റെ മുൻപന്തിയിൽ നിന്നതുമെല്ലാം ക്രൈസ്തവ സഭകളായിരുന്നു.
എന്നാൽ ഇടതു വലതുമുന്നണികൾ അവർക്കൊപ്പം നിൽക്കാൻ തയ്യാറായതുമില്ല. മുനമ്പം വിഷയത്തോടെ കേരളത്തിൽ കേരള കോൺഗ്രസിന്റെ പ്രസക്തി തന്നെ അപ്രസക്തമായി പോയി.
പ്രശ്നങ്ങളിൽ ഇടപെടുമ്പോൾ വാക്കുകൾ അളന്നു മുറിച്ച് പ്രയോഗിക്കുകയാണ് ഷോണിന്റെ ശൈലി. അതുകൊണ്ടു തന്നെ മുനമ്പം വിഷയത്തിൽ അമിതാവേശം കാട്ടാൻ ഷോൺ തയ്യാറായില്ല.
എല്ലാത്തിനും അതിന്റെ സമയമുണ്ടെന്ന് പറയും പോലെ വഖഫ് ഭേദഗതി ബിൽ വേഗത്തിലാക്കാനുള്ള ചരടുവലികൾ നടത്തി.
മുനമ്പത്തെ അറന്നൂറ് കുടുംബങ്ങളെ മാത്രം ബാധിക്കുന്ന വിഷയമല്ല ഇത് രാജ്യത്തൊട്ടാകെ ഇത്തരം സംഭവങ്ങൾ വന്നേക്കാം എന്ന് മനസിലാക്കിയായിരുന്നു ഓരോ ചുവടുവെയ്പ്പും.
ഏതു നിയമസഭ മണ്ഡലത്തിൽ സ്ഥാനാർഥിയായാലും പാട്ടുംപാടി ജയിക്കാൻ തക്ക സ്വാധീനം ഇന്ന് ഷോണിനുണ്ട്
എന്തായാലും വഖഫ് ബിൽ പാസായതോടെ മുനമ്പത്തോ, ഈരാറ്റുപേട്ടയിലോ അല്ല കേരളത്തിലെ ഏതു നിയമസഭ മണ്ഡലത്തിൽ സ്ഥാനാർഥിയായാലും പാട്ടുംപാടി ജയിക്കാൻ തക്ക സ്വാധീനം ഇന്ന് ഷോണിനുണ്ട്.
മുഖ്യന്ത്രിയുടെ മകൾ ടി വീണ പ്രതിയായ മാസപ്പടി കേസിനെ പൊതുജനമധ്യത്തിൽ ചർച്ചയാക്കിയതും ഷോൺ ജോർജാണ്.
കൃത്യമായ ഫോളോ അപ്പുകളിലൂടെ അന്വേഷണത്തിന്റെ ഓരോഘട്ടവും സസൂഷ്മം നിരീക്ഷിച്ച് അതിന്റെ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും ഷോണിനായി.
നിയമപരമെന്ന് തോന്നിപ്പിക്കുന്ന ഒരു കരാർ ഉണ്ടാക്കി അതിൻ്റെ മറവിലൂടെ വീണയുടെ കമ്പനിയും സിഎംആർഎല്ലും നടത്തിയ ഇടപാടുകൾ ദുരുഹവും തട്ടിപ്പുമാണെന്ന ഷോണിന്റെ ആരോപണം അന്വേഷണ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു.
സിഎംആർഎല്ലിൽ നിന്ന് പണം പരമാവധി അടിച്ചുമാറ്റുക എന്ന ഉദ്ദേശം മാത്രമാണ് വീണയ്ക്കും അവരുടെ കമ്പനിക്കും ഉണ്ടായിരുന്നതെന്ന് കുറ്റപത്രത്തിലും പറയുന്നുണ്ട്.
ഈ വിഷയത്തിലും ഷോൺ ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിവെക്കുന്ന വിധമാണ് പിന്നീട് വന്നത്. ഇതും ഷോണിന്റെ ജനസമ്മതി കൂട്ടി.
കേരളത്തിലെ റോമൻ കത്തോലിക്കാ വിഭാഗത്തിൽനിന്നുള്ള പ്രധാന നേതാവാണ് ഷോൺ ജോർജ്. ക്രൈസ്തവ വിഭാഗത്തെ പാർട്ടിയിലേക്ക് അടുപ്പിക്കാൻ ഷോൺ ജോർജിലൂടെ കഴിയുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
ക്രൈസ്തവ മേഖലകളിൽ ബിജെപിയുടെ സ്വാധീനം കൂട്ടാൻ ഷോൺ ജോർജിന് സാധിക്കും എന്നു തന്നെയാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ.
പൂഞ്ഞാർ ഈരാറ്റുപേട്ട സ്വദേശിയായ ഷോൺ മുൻ പൂഞ്ഞാർ എം.എൽ.എ പി.സി. ജോർജിന്റേയും ഉഷ ജോർജിന്റെയും മകനാണ്.
കേരള കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായി കെ.എസ്.സിയിലൂടെയായിരുന്നു രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്.
സ്കൂൾതലം മുതൽ പൊതുപ്രവർത്തനത്തിലേക്ക് ഇറങ്ങി
ഷോൺ സ്കൂൾതലം മുതൽ പൊതുപ്രവർത്തനത്തിലേക്ക് ഇറങ്ങി. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ കെ.എസ്.സിയുടെ സജീവ പ്രവർത്തകനായിരുന്നു. പിന്നീട് കലാലയകാലത്ത് ലോ അക്കാദമിയിൽ യൂണിയൻ മെംബറായി.
പഠന ശേഷം വിദ്യാർഥി രാഷ്ട്രീയം വിട്ട് കേരള കോൺഗ്രസിന്റെ യുവജന പ്രസ്ഥാനത്തിൽ സജീവ സാനിധ്യമായി മാറി. ഐക്യ കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു.
2011-2014 കാലഘട്ടത്തിൽ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ഡയറക്ടർ ആയി. ആ സമയത്ത് സൗത്ത് ആഫ്രിക്കയിൽ നടന്ന ലോക യുവജന സംഗമത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ഷോൺ ജോർജ് ആയിരുന്നു.
നിലവിൽ ബിജെപി സംസ്ഥാന കമ്മിറ്റി അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു. കോട്ടയം ജില്ല പഞ്ചായത്ത് അംഗമാണ്. മീനച്ചിൽ ഈസ്റ്റ് അർബൻ കോപ്പറേറ്റീവ് ബാങ്ക് വൈസ് ചെയർമാൻ ആയും പ്രവർത്തിച്ചു വരുന്നു.
പരമ്പരാഗത കർഷക കുടുംബമാണ് ഷോണിന്റേത്. പൊതുപ്രവർത്തനത്തിനൊപ്പം അഭിഭാഷകവൃത്തിയിലും സജീവമാണ്. കേരള ഹൈക്കോടതിയിൽ അഭിഭാഷകനാണ്.
പാല കോടതിയിൽ അഭിഭാഷകയായ അഡ്വ. പാർവതി ആണ് ഭാര്യ. മക്കൾ: പി.സി. ജോർജ് ജൂനിയർ, ആരാധന അന്ന ഷോൺ.
Shaun George, who played a key role in the Munambam (Vizhinjam) Waqf protest, has been appointed as the State Vice President of the Bharatiya Janata Party (BJP) in Kerala