കൊച്ചി: പരിസ്ഥിതി ആഘാതത്തെ പറ്റി സംസാരിക്കുന്ന കോണ്‍ഗ്രസും മുഖ്യമന്ത്രിയും മണല്‍കൊള്ളക്കാരില്‍ നിന്ന് പണം കൈപ്പറ്റിയെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്.
ആഴക്കടല്‍ മണല്‍ ഖനനത്തിനെതിരായ കേരള നിയാമസഭയിലെ പ്രമേയം തന്നെ ഇരട്ടത്താപ്പാണ്. ഖനനത്തിനെ എതിര്‍ക്കുന്നത് തന്നെ കേരള തീരത്തെ കരിമണല്‍ ഖനനം മറച്ചു വെക്കാനാണ്.
കുറെ ഏറെ വര്‍ഷങ്ങളായി കേരളാ തീരത്ത് കരിമണല്‍ ഖനനം നടക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയാണിത് നടക്കുന്നത്.
തീരദേശ ജനതയെ ഇടത് വലത് മുന്നണികള്‍ വഞ്ചിക്കുകയാണെന്നും കരിമണല്‍ ഖനനത്തെ തുടര്‍ന്ന് തീരദേശത്തുണ്ടായ നഷ്ടങ്ങള്‍ വ്യക്തമാകുന്നില്ലെന്നും ഷോൺ പറഞ്ഞു.
മാസപ്പടി തുടരാനുള്ള എളുപ്പവഴിക്കായാണ് പ്രമേയം അവതരിപ്പിച്ച് സര്‍ക്കാര്‍ എതിര്‍പ്പറിയിക്കുന്നതെന്നും ഷോണ്‍ കുറ്റപ്പെടുത്തി.
അതുമാത്രമല്ല ഇടത് വലത് മുന്നണികള്‍ തീരദേശ ജനതയുടെ കണ്ണില്‍ പൊടിയിടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മാസപ്പടി കൈപ്പറ്റിയവരില്‍ യു ഡി എഫ്നേതാക്കളുമുണ്ട്. ഇതാണ് സംയുക്ത പ്രമേയത്തിന് കാരണം.
അഞ്ച് വര്‍ഷത്തിനിടെ അന്‍പതിനായിരം കോടിയുടെ കരിമണല്‍ തോട്ടപ്പള്ളിയില്‍ നിന്ന് മാത്രം കടത്തിയെന്നാണ് റിപ്പോർട്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെ നടക്കുന്ന കരിമണല്‍ ഖനനം നിന്ന് പോകുമെന്ന ഭയമാണ് അഴക്കടല്‍ മണല്‍ ഖനനത്തിനെതിരായ സർക്കാർ നിലപാടിന് കാരണം.
ഖനനത്തെ പറ്റി ഒരു പാരിസ്ഥിതിക പഠനം പോലും നടത്താതെയാണ് സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കുന്നത്.
നാടിന് ദോഷം ചെയ്യുന്ന ഒരു പദ്ധതിക്കും ബിജെപി കൂട്ടുനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.