കണ്ണൂർ: കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേരളത്തിൽ മൃഗബലി നടത്തിയെന്ന ഡി കെ ശിവകുമാറിന്റെ ആരോപണം തള്ളി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. മൃഗബലി നടന്നതിന് തെളിവില്ലെന്ന് ഡിജിപിക്ക് റിപ്പോർട്ട് നൽകി. വിശദമായ അന്വേഷണം നടത്തിയാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്.
കണ്ണൂർ ജില്ലയിലെ ചില പൂജാരിമാരുടെ വീടുകളിൽ ഉൾപ്പെടെ പരിശോധന നടത്തി. കേരളത്തിലെ ഒരു ക്ഷേത്രത്തിന് സമീപം വച്ച് ശത്രുഭൈരവ എന്ന പേരിൽ നടത്തിയ യാഗത്തിൽ 52 മൃഗങ്ങളെ ബലി നൽകിയെന്നായിരുന്നു ഡി കെ ശിവകുമാറിന്റെ ആരോപണം.
കോൺഗ്രസ് നേതാവിന്റെ പ്രസ്താവന തള്ളിക്കൊണ്ട് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം രംഗത്തെത്തി. ബ്രാഹ്മണ പൂജ മാത്രം നടക്കുന്ന ക്ഷേത്രമാണിത്. ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ ഇല്ല. ക്ഷേത്രത്തിലോ പരിസരത്തോ മൃഗബലി നടത്തിയിട്ടില്ലെന്നും ക്ഷേത്രം ഭരണസമിതി വ്യക്തമാക്കി. തളിപ്പറമ്പ് ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ നടത്തിയെന്ന ശിവകുമാറിന്റെ ആരോപണം സംസ്ഥാന ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും തള്ളി. കേരളത്തില്‍ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണ്. ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി രാധാകൃഷ്ണന്‍ വ്യക്തമാക്കി.