എഡ്യു ടെക് ഭീമനായ ബൈജൂസില്‍നിന്ന് സ്ഥാപകന്‍ ബൈജു രവീന്ദ്രനെയും കുടുംബാംഗങ്ങളെയും പുറത്താക്കാന്‍ നടപടിയുമായി ഓഹരിയുടമകള്‍ ഒറ്റക്കെട്ടായി നീക്കം. വെള്ളിയാഴ്ച ചേര്‍ന്ന എക്‌സ്‌ട്രാ ഓഡിനറി ജനറല്‍ മീറ്റിങ്ങില്‍ അറുപത് ശതമാനത്തിലധികം ഓഹരിയുടമകള്‍ സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രനെ പുറത്താക്കാനുള്ള പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. അതേസമയം ബൈജൂസിന്റെ സ്ഥാപകരുടെ അഭാവത്തില്‍ നടന്ന വോട്ടിങ് അസാധുവാണെന്ന് കമ്പനി പ്രതികരിച്ചു. യോഗം സാധുവല്ലെന്ന് പറഞ്ഞ്, ബൈജു രവീന്ദ്രനും കുടുംബവും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
2015-ല്‍ സ്ഥാപിച്ച കമ്പനിയില്‍ 26.3 ശതമാനം ഓഹരിയാണ് ബൈജുവിനും കുടുംബത്തിനുമുള്ളത്.
പ്രോസസ് എന്‍.വി., പീക്ക് എക്‌സ്.വി. ഉള്‍പ്പെടെയുള്ള ആറ് നിക്ഷേപകരാണ് സൂം യോഗം വിളിച്ചത്. ഓഹരിയുടമകളുടെ യോഗം തടസ്സപ്പെടുത്താൻ ബൈജൂസിന്റെ ജീവനക്കാർ ശ്രമം നടത്തിയതായും റിപ്പോർട്ടുണ്ട്. ഓഹരിയുടമകളുടെ സൂം മീറ്റിങ്ങിലേക്ക് അനധികൃതമായി കടക്കാൻ ജീവനക്കാർ ശ്രമിച്ചതായാണു റിപ്പോർട്ട്.അനാവശ്യ ശബ്ദങ്ങൾ സൃഷ്ടിച്ചും സാങ്കേതിക പ്രശ്നങ്ങളുണ്ടാക്കിയും യോഗം തടസപ്പെടുത്താനായിരുന്നു ശ്രമമെന്നാണ് ആരോപണം.