കോഴിക്കോട്: താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസ് വധക്കേസില്‍ ആറ് കുട്ടികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
വിദ്യാര്‍ത്ഥികളുടെ റിമാന്‍ഡ് കാലാവധി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് നീട്ടിയതിനെ തുടർന്നാണ് ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചത്. കേസിൽ ഒരു മാസത്തിലധികമായി വിദ്യാര്‍ത്ഥികള്‍ റിമാന്‍ഡിലാണ്. ക്രിമിനല്‍ പശ്ചാത്തലം ഉള്ളതിനാല്‍ വിദ്യാർഥികൾ പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിച്ച് കേസ് ഇല്ലാതാക്കുമെന്ന പ്രോസിക്യൂഷന്റെ വാദം പരിഗണിച്ചാണ് ജില്ലാ കോടതി ജാമ്യം നിഷേധിച്ചത്.
ആരോപണ വിധേയരായ കുട്ടികൾ ഹീനമായ കുറ്റകൃത്യമാണ് ചെയ്തതെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷനും ഷഹബാസിന്റെ കുടുംബവും കോടതിയില്‍ വാദിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ സമൂഹ മാധ്യമത്തിലെ ചാറ്റുകളും തെളിവായി സമര്‍പ്പിച്ചിരുന്നു.
പ്രായപൂര്‍ത്തികളാകാത്തതിനാല്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു ആരോപണവിധേയരായ കുട്ടികളുടെ മാതാപിതാക്കള്‍ കോടതിയില്‍ വാദിച്ചത്. അതേസമയം ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ആരോപണ വിധേയരായ വിദ്യാര്‍ത്ഥികള്‍. കഴിഞ്ഞ ഒരു മാസത്തോളമായി ജുവനൈല്‍ ഹോമില്‍ കഴിയുകയാണ് കുട്ടികള്‍.