തൃശൂർ: പൊലീസ് അക്കാദമിയിൽ ലൈംഗികാതിക്രമ പരാതിയുമായി വനിതാ ഉദ്യോഗസ്ഥ. തൃശൂർ രാമവര്‍മപുരത്തുള്ള പോലീസ് അക്കാദമി ആസ്ഥാനത്താണ് സംഭവം. ഓഫീസർ കമാന്റന്റ് റാങ്കിൽ ഉള്ള ഉദ്യോഗസ്ഥൻ ഓഫീസിൽ വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഈ മാസം 17ന് ആണ് സംഭവം.
അക്കാദമി ഡയറക്ടർക്ക് വനിതാ പൊലീസ് ഉദ്യോഗസ്ഥ പരാതി കൈമാറി. രേഖകള്‍ പ്രിന്റെടുക്കാനുണ്ടെന്ന് പറഞ്ഞ് ഉദ്യോഗസ്ഥന്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഓഫീസിലെത്തിയ തന്നെ ഉദ്യോഗസ്ഥന്‍ കടന്നുപിടിച്ചെന്നും ലൈംഗികാതിക്രമത്തിന് മുതിര്‍ന്നതായും പരാതിയില്‍ പറയുന്നു. ഇത് ചെറുത്ത പരാതിക്കാരിയായ ഉദ്യോഗസ്ഥ ഓഫീസില്‍ നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് രണ്ടുദിവസത്തിന് ശേഷം സമാനരീതിയില്‍ വീണ്ടും ഉപദ്രവമുണ്ടായെന്നും പരാതിയില്‍ പറയുന്നു.
ഉദ്യോഗസ്ഥനെതിരേ കടുത്ത നടപടി വേണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. ഇനി അക്കാദമിയില്‍ തുടരാനാകില്ലെന്നും മാനസികമായി ഏറെ പ്രയാസത്തിലാണെന്നും പരാതിയില്‍ പറയുന്നു. അതേസമയം, ഉദ്യോഗസ്ഥയുടെ പരാതി ഇതുവരെ ലോക്കല്‍ പോലീസില്‍ എത്തിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഇത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നാണ് അക്കാദമി സ്ഥിതി ചെയ്യുന്ന പരിധിയിലുള്ള വിയ്യൂര്‍ പോലീസിന്റെ പ്രതികരണം.
Read Also: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ; കുഴിമന്തി കഴിച്ച 27 പേർ ആശുപത്രിയിൽ
Read Also: സാമ്പത്തിക പ്രതിസന്ധി രൂക്ഷം; കെഎസ്ഇബി തസ്തികകൾ വെട്ടികുറയ്ക്കുന്നു