കൊച്ചി: ബലാത്സംഗ കേസില്‍ നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു. കൊച്ചിയില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാണ് നടൻ ചോദ്യം ചെയ്യലിന് ഹാജരായത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍വച്ച് കൂട്ടബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ. നിവിന്‍ നല്‍കിയ ഗൂഢാലോചന സംബന്ധിച്ച പരാതിയിലും മൊഴി രേഖപ്പെടുത്തി.(Sexual assault case; Actor Nivin Pauly was questioned)
കേസില്‍ നിവിന്‍ ഉള്‍പ്പെടെ ആറ് പ്രതികളുണ്ട്. കോതമംഗലം സ്വദേശിനിയായ യുവതിയുടെ ആരോപണങ്ങളില്‍ ഗൂഢാലോചനയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് നിവിന്‍ പോളിയും പരാതി നല്‍കിയിട്ടുണ്ട്. ഇതിലും അന്വേഷണം പുരോഗമിക്കുകയാണ്.
2023 ഡിസംബര്‍ 14, 15 തിയതികളില്‍ ദുബായില്‍ വെച്ച് അതിക്രമം നടന്നെന്നായിരുന്നു യുവതിയുടെ പരാതി. മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നും അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ മൊഴിയിലുണ്ട്. സെക്ഷന്‍ 376, 376 ഡി, 354, കുട്ടബലാത്സംഗം, സ്തീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. നിവിന്‍ പോളി ആറാം പ്രതിയാണ്. രണ്ടാം പ്രതി നിര്‍മാതാവ് എ കെ സുനില്‍, ബിനു, ബഷീര്‍, കുട്ടന്‍ എന്നിവരാണ് മറ്റ് പ്രതികള്‍.