കൊട്ടിയം: കാൽ വഴുതി കുളത്തിൽ വീണ അനിയനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ജ്യേഷ്ഠനും മരിച്ചു. മൈലാപ്പൂർ പുതുച്ചിറ അൽഹംദുലില്ലായിൽ അനീസ്- ഹയറുന്നിസ ദമ്പതികളുടെ മക്കളായ ഫർസിൻ (12), സഹോദരൻ അഹിയാൻ (7) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറേ കാലോടെ ഉമയനല്ലൂർ മാടച്ചിറ വയലിലെ കുളത്തിലാണ് അപകടം നടന്നത്.
കുട്ടികളുടെ മാതാവ് സംഭവ സ്ഥലത്തിന് അടുത്ത് ബേക്കറി ഷോപ്പ് നടത്തുന്നുണ്ട്. ഇവിടെയെത്തിയ കുട്ടികൾ മൂത്രം ഒഴിക്കുന്നതിനായി വയലിനടുത്തേക്ക് പോകുന്നതിനിടെ അഹിയാൻ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു. ഉടൻ തന്നെ അനിയനെ രക്ഷിക്കാൻ ഫർസീനും കുളത്തിലേക്ക് എടുത്തു ചാടി. സംഭവ സമയം സ്ഥലത്ത് ആരും ഉണ്ടായിരുന്നില്ല. അൽപ്പ സമയത്തിന് ശേഷം അതുവഴി വന്ന ഇതര സംസ്ഥാന തൊഴിലാളി ചെരുപ്പുകൾ കരയിൽ കിടക്കുന്നതു കണ്ടു നടത്തിയ തിരച്ചിലിലാണ് കുട്ടികൾ വെള്ളത്തിൽ മുങ്ങിയതായി കണ്ടത്.
തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫർസീൻ മരണമടഞ്ഞിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെയാണ് അഹിയാനും മരണത്തിന് കീഴടങ്ങിയത്. ഇരുവരും ചെറുപുഷ്പം സ്കൂളിലെ വിദ്യാർത്ഥികളാണ്.
Read Also: സ്കൂളുകൾ തുറക്കുന്നത് ജൂൺ പത്തിലേക്ക് മാറ്റി; കാരണം ഇതാണ്
Read Also: കിടപ്പുരോഗിയായ മകളുടെ കഴുത്തറത്ത ശേഷം അമ്മ ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്; മകൾ ഗുരുതരാവസ്ഥയിൽ
Read Also: പ്രധാനാധ്യാപകർ കടക്കെണിയിൽ;സ്കൂൾ കുട്ടികൾക്കുള മുട്ടയും പാലും പദ്ധതി അനിശ്ചിതത്വത്തിൽ