ഇടുക്കിയിൽ വന്യമൃഗ ശല്യം രൂക്ഷമാകുമ്പോൾ വനം വകുപ്പ് നിസംഗത തുടരുന്നുവെന്ന് പരക്കെ ആക്ഷേപം. ഈ വർഷം മാത്രം ഇടുക്കിയിൽ കാട്ടാനയാക്രമണത്തിൽ നഷ്ടമായത് ഏഴു ജീവനുകളാണ്. അതിൽ അവസാനത്തേതാണ് മുള്ളരിങ്ങാട് അമയൽത്തൊട്ടി പള്ളിക്കവല അമർ ഇലാഹിയുടേത്.Seven lives lost in elephant fights in Idukki this year
കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെയാണ് മൂന്നുപേർ കൊല്ലപ്പെട്ടത്. ഡിസംബർ 16 ന് കോതമംഗലം ഉരുളൻതടിയിൽ എൽദോ വർഗീസ് കാട്ടാനയാക്രമണത്തിൽ മരിച്ചിരുന്നു. ജോലി കഴിഞ്ഞ് ബസിറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെയാണ് കാട്ടാന എൽദോയെ ആക്രമിച്ചത്.
ഡിസംബർ 14 ന് നേര്യമംഗലം ഇടുക്കി റോഡിൽ ചെമ്പൻകുഴിയിൽ കാട്ടാന റോഡിൽ മറിച്ചിട്ട പനയുടെ അടിയിൽപെട്ട് എൻജിനീയറിങ്ങ് വിദ്യാർഥിനി ആൻമേരി മരിച്ചിരുന്നു.
മുള്ളരിങ്ങാട് ചെമ്പൻകുഴി മേഖലയിലെ കാട്ടാനകളെ ഉൾപ്രദേശങ്ങളിലേക്ക് അഴയ്ക്കുന്നതിന് ഇടയ്ക്ക് ശ്രമം നടന്നെങ്കിലും ഇതുവരെ വിജയിച്ചിട്ടില്ല. ആനകളെ ഉൾപ്രദേശങ്ങളിലേക്ക് അയക്കാൻ വേണ്ട നടപടികൾ എടുക്കാത്തതിന് എതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
സോളാർ വേലികൾ വനാതിർത്തികളിൽ സ്ഥാപിക്കണമെന്ന് ആവശ്യം ശക്തമാകുമ്പോഴും അതിനും നടപടിയില്ല. 2021 മുതൽ 2024 ജൂലൈ വരെ സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ 316 പേരാണ് കൊല്ലപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്കുകൾ.
ഇതിനിടെ പ്രതിപക്ഷ കക്ഷികളും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട അമർ യൂത്ത് ലീഗ് പ്രവർത്തകനായിരുന്നു. തങ്ങളുടെ പ്രവർത്തകന്റെ ജീവനെടുത്തത് സർക്കാരിന്റെ കെടുകാര്യസ്ഥതയാണെന്ന് മുസ്ലീം ലീഗ് പ്രതികരിച്ചു.
ആക്രമണകാരികളായ മൃഗങ്ങളെ വെടിവെച്ചു കൊല്ലണമെന്ന് യു.ഡി.എഫ്. ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി പറഞ്ഞു.