ആശുപത്രിയിൽ അവൾ ഒരു ‘മാലാഖ’ആയിരുന്നു .. നിയനെറ്റോളജി വിഭാഗത്തിൽ പ്രവേശിപ്പിക്കുന്ന കുഞ്ഞുങ്ങളെ പരിചരിക്കാൻ പ്രത്യേക പരിശീലനം നേടിയ കഴിവുള്ള നഴ്‌സായിരുന്നു ലൂസി. പക്ഷേ, ചിലസമയത്ത് നിയോനെറ്റോളജി വിഭാഗത്തിൽ കാര്യമായ ജോലിയൊന്നും ഇല്ലാത്തത് മുഷിപ്പിക്കുന്നു എന്ന മാത്രമാണ് ലൂസിയുടെ പരാതി . പ്രത്യേക ചികിത്സയോ വൈദ്യസഹായമോ ആവശ്യമില്ലാത്ത കുഞ്ഞുങ്ങളെയാണ് പലപ്പോഴും ലൂസിക്ക് പരിചരിക്കാനുണ്ടായിരുന്നത്. പക്ഷെ തുടർച്ചയായി ബ്രിട്ടനിലെ കൗണ്ടസ് ഓഫ് ചെസ്റ്റർ ആശുപത്രിയിൽ നടന്ന ഏഴുകുഞ്ഞുങ്ങളുടെ ദുരൂഹമരണങ്ങൾ അവിടെ വലിയ ചർച്ചയായി . ഒരുപ്രശ്‌നവുമില്ലാതെ ആശുപത്രിയിൽ കഴിഞ്ഞിരുന്ന കുഞ്ഞുങ്ങൾ പെട്ടെന്ന് ആരോഗ്യനില വഷളായി മരിക്കുന്നത് ഡോക്ടർമാരാണ് ആദ്യം ശ്രദ്ധിച്ചത്. ലൂസി പരിചരിക്കുന്ന കുഞ്ഞുങ്ങൾക്കാണ് അത്യാഹിതം സംഭവിക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടി. എന്നാൽ, ഡോക്ടർമാർ ഉയർത്തിയ ആശങ്ക ആദ്യഘട്ടത്തിൽ ആശുപത്രി മാനേജ്‌മെന്റ് പൂർണമായും തള്ളിക്കളഞ്ഞു .കുഞ്ഞുങ്ങളുടെ തുടർമരണങ്ങളുമായി ബന്ധപ്പെട്ട് രണ്ടുതവണ ലൂസിയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. ലൂസിയിലെ കൊലയാളിയെ ആരും തിരിച്ചറിഞ്ഞില്ല എന്നതാണ് വാസ്തവം . മാലാഖയെ പോലെ കുഞ്ഞുങ്ങളെ നോക്കുന്ന അവളെ ആര് സംശയിക്കാൻ .
നവജാത ശിശുക്കളുടെ ജീവൻ കവർന്നെടുക്കുന്നതിൽ അവൾ എപ്പോഴോ ആനന്ദം കണ്ടെത്തിയിരുന്നു ..2015 മുതൽ 2016 വരെയുള്ള കാലയളവിലാണ് 13 കുട്ടികൾക്ക് നേരേ ലൂസിയുടെ ക്രൂരത അരങ്ങേറിയത്. ഇതിൽ ഏഴുകുഞ്ഞുങ്ങൾ മരിച്ചു. ആറുപേർ കഷ്ടിച്ച് മരണത്തിൽനിന്ന് രക്ഷപ്പെട്ടു. മാസങ്ങൾക്കിടെ പിഞ്ചുകുഞ്ഞുങ്ങളെ നിഷ്‌കരുണം കൊന്നുതള്ളിയിട്ടും ഒന്നും അറിയാത്തപോലെ എല്ലാം സ്വാഭാവികമരണങ്ങളായി ചിത്രീകരിക്കാനായിരുന്നു പ്രതിയായ ലൂസിയുടെ ശ്രമം. കുഞ്ഞുങ്ങളുടെ ആരോഗ്യനില വഷളാകുന്നത് സഹപ്രവർത്തകരെ ആദ്യം അറിയിക്കുന്നതും അവർക്ക് മുന്നിൽ ദുഃഖം അഭിനയിക്കുന്നതും ലൂസിയുടെ രീതിയായിരുന്നു. ഇതൊരു കൊലപാതക പരമ്പരയായി മാറിയപ്പോൾ ജീവൻ നഷ്ടമായത് ഒരുദിവസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ ഏഴ് കുട്ടികൾക്കും . അന്വേഷണഘട്ടത്തിൽ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആശുപത്രിയിലെ രേഖകളും ഞെട്ടിക്കുന്ന ചില കുറിപ്പുകളുമാണ് പോലീസ് സംഘം കണ്ടെടുത്തത്.
‘ഞാൻ ദുഷ്ടയാണ്, ഞാൻ ഇത് ചെയ്തു’ എന്നായിരുന്നു ഒരു കുറിപ്പിൽ യുവതി എഴുതിയിരുന്നത്. ‘അവരെ പരിചരിക്കാൻ യോഗ്യതയില്ലാത്തതിനാലാണ് അവരയെല്ലാം കൊലപ്പെടുത്തിയത്’ എന്നായിരുന്നു മറ്റൊരു കുറിപ്പിലെ വാക്കുകൾ. ‘എന്റെ വിവാഹം നടക്കുകയോ കുട്ടികൾ ഉണ്ടാവുകയോ ചെയ്യില്ല. ഒരു കുടുംബം എന്താണെന്ന് പോലും എനിക്കറിയാനാകില്ല’ എന്നും ലൂസി എഴുതിവെച്ചിരുന്നു.ആശുപത്രിയിലെ ഒരു ഡോക്ടറുമായി ലൂസിക്ക് രഹസ്യബന്ധമുണ്ടെന്നായിരുന്നു വിചാരണയ്ക്കിടെ പ്രോസിക്യൂട്ടർമാരുടെ ആരോപണം. കുഞ്ഞുങ്ങളുടെ ആരോഗ്യനില വഷളാകുമ്പോൾ ആദ്യം പരിശോധിക്കാനെത്തുന്ന ഡോക്ടർമാരിൽ ഒരാളായിരുന്നു ഇദ്ദേഹം. കുഞ്ഞിന്റെ ആരോഗ്യനിലയെക്കുറിച്ച് ആദ്യം വിവരമറിയച്ചാൽ അത് ഡോക്ടറുമായുള്ള ബന്ധത്തിൽ നിർണായകമാണെന്ന് നഴ്‌സ് കരുതി. ഇതിലൂടെ അദ്ദേഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ ലൂസി ശ്രമിച്ചെന്നും പ്രോസിക്യൂട്ടർമാർ ആരോപിച്ചിരുന്നു.. എന്നാൽ, ഡോക്ടറുമായി ബന്ധപ്പെടുത്തിയുള്ള എല്ലാ ആരോപണങ്ങളും പ്രതി കോടതിയിൽ നിഷേധിക്കുകയാണുണ്ടായത്.
നഴ്‌സ് കുറ്റക്കാരിയാണെന്ന് ഒടുവിൽ കോടതി കണ്ടെത്തി.ഞരമ്പിൽ വായു കുത്തിവെച്ചും അമിതമായി പാൽ കുടിപ്പിച്ചും ഇൻസുലിൻ കുത്തിവെച്ചുമാണ് ലൂസി കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത് എന്ന് ലൂസി മൊഴി നൽകി . അവിടെ സംഭവിക്കുന്നതെല്ലാം അവൾ ശരിക്കും ആസ്വദിക്കുകയായിരുന്നു. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അവൾ പ്രവചിച്ചിരുന്നതായും” പ്രോസിക്യൂട്ടർമാർ കോടതിയിൽ പറഞ്ഞു .ഒടുവിൽ 2020-ൽ ലൂസി വീണ്ടും അറസ്റ്റിലാവുകയും പ്രതിക്കെതിരേ കുറ്റംചുമത്തുകയും ചെയ്തു.