പത്തനംതിട്ട: പെൺകുട്ടിയുമായി സെൽഫിയെടുത്തതിന്റെ പേരിൽ തമ്മിൽത്തല്ല്. കാപ്പ കേസ് പ്രതിയുടെ ബന്ധുവായ പെൺകുട്ടിയുമായി സെൽഫി എടുത്തതിന്റെ പേരിലായിരുന്നു വഴക്ക്.
സംഭവത്തിൽ ഏഴുപേരെ അടൂർ പോലീസ് പിടികൂടി. അഭിജിത്ത് ബാലൻ, ജിഷ്ണു, സുജിത്ത്, ശരൺകുമാർ, അരുൺ ,വിഷ്ണു, ശ്രീകുമാർ എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു. പ്രതികളിലൊരാളായ അഭിജിത്തിന്റെ ബന്ധുവായ പെൺകുട്ടിയുമായി മറ്റൊരു യുവാവ് സെൽഫി എടുത്ത് സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതാണ് സംഘർഷത്തിൽ കൊണ്ടെത്തിച്ചത്.
ചൂരക്കോട് ബദാംമുക്ക് ആശാഭവനിൽ ആഷിക് (24 ) എന്ന യുവാവാണ് സെൽഫി എടുത്തതിന്റെ പേരിൽ മർദ്ദനത്തിന്നിരയായത്.
അടൂർ ഡിവൈഎസ് പി.ജി. സന്തോഷ് കുമാർ, അടൂർ എസ്എച്ച്ഒ ശ്യാം മുരളി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്; ജനങ്ങൾ പ്രതിസന്ധിയിലാകുമോ?
പാലക്കാട്: സമരത്തിലേക്ക് കടക്കാനൊരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്നത് തന്നെയാണ് ഇത്തവണയും വിഷയം.
വിദ്യാർത്ഥികളുടെ ഏറ്റവും കുറഞ്ഞ യാത്ര നിരക്കായ ഒരു രൂപയിൽ നിന്ന് അഞ്ച് രൂപയായി ഉയർത്തണമെന്നതാണ് ബസുടമകളുടെ ആവശ്യം.
അടുത്ത അധ്യയന വർഷത്തിലെങ്കിലും പുതിയ നിരക്ക് നിലവിൽ വരണമെന്നും, അല്ലാത്തപക്ഷം സ്വകാര്യ ബസുകൾ സർവീസ് നിർത്തി വെക്കുമെന്നും ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സമരത്തിന് മുന്നോടിയായി ഏപ്രിൽ 3 മുതൽ 9 വരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ബസ് സംരക്ഷണ ജാഥ നടത്തും.









