കൊച്ചി: കയർ ബോർഡിലെ മാനസിക പീഡനവുമായി ബന്ധപ്പെട്ട് അധികൃതർക്ക് പരാതി നൽകിയ സെക്ഷൻ ഓഫിസർ ജോളി മധു മരിച്ചു. തലയിലെ രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
കാൻസർ അതിജീവിതയും വിധവയുമായ ജോളി സ്ഥാപനത്തിൽ നിരന്തരം മാനസിക പീഡനത്തിന് ഇരയായെന്ന് ജോളിയുടെ കുടുംബം ആരോപിച്ചിരുന്നു. ജോലി ചെയ്യുന്നിടത്ത് നേരിടേണ്ടി വന്ന മാനസിക സമ്മർദമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം പറയുന്നു. കൊച്ചി സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു ജോളി.
കയർ ബോർഡ് ഓഫിസ് ചെയർമാൻ, സെക്രട്ടറി, അഡ്മിനിസ്‌ട്രേറ്റിവ് ഹെഡ് എന്നിവർക്കെതിരെയായിരുന്നു ജോളിയുടെ കുടുംബം ആരോപണം. കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജയെ നേരിൽ കണ്ട് പരാതി നൽകിയിരുന്നുവെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ കോടതിയെ സമീപിക്കുമെന്ന് കുടുംബം അറയിച്ചു.
ഓഫിസിലെ തൊഴിൽ പീഡനത്തെ പറ്റി പ്രധാനമന്ത്രിയുടെ ഓഫീസിനും രാഷ്ട്രപതിക്കും ജോളി കത്തയച്ചിരുന്നു. ഈ കത്തുകൾ അയച്ചതിന്റ പേരിൽ പോലും പ്രതികാര നടപടികൾ ഉണ്ടായി. സമ്മർദം താങ്ങാനാവാതെ ഇക്കഴിഞ്ഞ ജനുവരി മുപ്പതിന് ജോളിക്ക് സെറിബ്രൽ ഹെമിറേജ് ബാധിക്കുകയായിരുന്നെന്നാണ് കുടുംബത്തിന്റെ ആരോപണം.