ആയുസ്സ് വർധിപ്പിക്കാൻ എന്തെങ്കിലും വിദ്യകളുണ്ടോ? മനുഷ്യർ ആദ്യകാലം മുതൽ ഉത്തരം തേടുന്ന ഒരു ചോദ്യമാണിത്. എന്നാൽ ഇപ്പോളിതാ അതിനും ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ആയുസ്സു കൂട്ടാനായി വികസിപ്പിച്ചെടുത്ത മരുന്നിന്റെ പരീക്ഷണം മൃഗങ്ങളിൽ വിജയിച്ചതായി ശാസ്ത്രജ്ഞർ അറിയിച്ചിരിക്കുകയാണ്. (Scientists have discovered a drug that increases life)
എം.ആർ.സി. ലബോറട്ടറി ഓഫ് മെഡിക്കൽ സയൻസ്, ലണ്ടനിലെ ഇംപീരിയൽ കോളേജ്, സിങ്കപ്പൂരിലെ ഡ്യൂക്ക്-എൻ.യു.എസ്. മെഡിക്കൽ കോളേജ് എന്നിവർ സംയുക്തമായി നടത്തിയ പരീക്ഷണമാണ് വിജയിച്ചത്. മരുന്ന് നൽകിയ എലികളുടെ ആയുസ്സ് 25 ശതമാനം വർധിച്ചതായാണ് കണ്ടെത്തൽ. മനുഷ്യരിലും പരീക്ഷണം വിജയിക്കുമെന്നാണ് വിശ്വാസമെന്ന് ഗവേഷകൻ പ്രൊഫ. സ്റ്റുവാർട്ട് കുക്ക് പറഞ്ഞു.
ശരീരത്തിൽ ഇന്റർലൂക്കിൻ-11 എന്ന പ്രോട്ടീനാണ് പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ വേഗത്തിലാക്കുന്നത്. ഈ പ്രോട്ടീൻ ഉത്പാദിപ്പിക്കാനാകാത്ത തരത്തിൽ എലികളുടെ ജനിതകഘടനയിൽ മാറ്റംവരുത്തുകയും തുടർന്ന് 75 ആഴ്ച പ്രായമായശേഷം പ്രോട്ടീൻ ഉത്പാദനത്തിന്റെ വേഗം കുറയ്ക്കാനുള്ള മരുന്ന് ദിവസേന നൽകുകയുമായിരുന്നു.
ശരീരത്തിന്റെ വളർച്ചയ്ക്ക് തുടക്കത്തിൽ ഈ പ്രോട്ടീൻ ആവശ്യമാണെങ്കിലും പിന്നീട് ഈ പ്രോട്ടീൻകൊണ്ട് കാര്യമായ ആവശ്യമില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ, ഇതിന്റെ സാന്നിധ്യം ഒഴിവാക്കിയാൽ പ്രായമാകുന്നത് നീട്ടാമെന്നാണ് പരീക്ഷണത്തിന്റെ ചുരുക്കം.
എന്നാൽ, ഇത്തരത്തിലുള്ള മരുന്ന് ഉപയോഗം മനുഷ്യരിൽ എന്തൊക്കെ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്നതും നിർണായകമാണ്. ഇത് മനുഷ്യരിലും പരീക്ഷിച്ചിട്ടുണ്ട്. എന്നാൽ, ആയുർദൈർഘ്യം കൂടുമോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഇനിയും വ്യക്തതയായിട്ടില്ലെന്ന് ശാസ്ത്രജ്ഞർ കൂട്ടിച്ചേർത്തു.