തിരുവനന്തപുരം: കേരളത്തിലെ സ്കൂളുകളിൽ പുതിയ സമയക്രമം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.
ഹൈസ്ക്കൂൾ, യുപി വിഭാഗത്തിലാണ് ഇത്തരത്തിൽ സമയം വർധിച്ചത്. വെള്ളിയാഴ്ച ഒഴികെ എല്ലാദിവസവും അരമണിക്കൂർ അധിക പ്രവൃത്തി സമയമായിരിക്കും.
രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെ ആയിരിക്കും ഇനി മുതല്‍ ഹൈസ്കൂളിലെ ക്ലാസുകൾ. രാവിലെയും ഉച്ചക്ക് ശേഷവും 15 മിനുട്ടുകൾ വീതമാണ് ഇത്തരത്തിൽ കൂട്ടിയത്.
അഞ്ചു മുതൽ 7 വരെ ഉള്ള ക്ലാസുകളിൽ ആഴ്ചയിൽ 6 പ്രവൃത്തി ദിനങ്ങൾ. തുടർച്ചയായി വരാത്ത രണ്ട് ശനിയാഴ്ചകൾ അധിക പ്രവൃത്തി ദിവസമാകും.
എട്ടുമുതൽ 10 വരെയുള്ള ക്ലാസുകളിൽ ആഴ്ചയിൽ 6 പ്രവൃത്തി ദിവസമായിരിക്കും. തുടർച്ചയായി വരാത്ത 6 ശനിയാഴ്ചകൾ പ്രവൃത്തി ദിവസം ആകും.
ജൂലൈ 26, സെപ്റ്റംബർ 25 യുപി ക്ലാസുകൾക്ക് പ്രവൃത്തി ദിനമായിരിക്കും. ജൂലൈ 26, ഓഗസ്റ്റ് 16, ഒക്ടോബർ 4, ഒക്ടോബർ 25, 2026 ജനുവരി 3, ജനുവരി 31 എന്നീ ദിവസങ്ങളിൽ ഹൈസ്കൂൾ ക്ലാസുകൾക്ക് പ്രവൃത്തി ദിനമായിരിക്കും.
220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് സമയക്രമത്തില്‍ ഇത്തരത്തിൽ മാറ്റം വരുത്തിയത്.
ഒന്നാം ക്ലാസ് മുതൽ നാല് വരെയുള്ള ലോവർ പ്രൈമറി ക്ലാസുകളിൽ ശനിയാഴ്ച അധിക പ്രവൃത്തി ദിനമാക്കില്ല.
25 ശനിയാഴ്ചകള്‍ ഉള്‍പ്പെടെ 220 അധ്യയന ദിനം തികയ്ക്കുന്ന രീതിയിലാണ് പുതിയ വിദ്യാഭ്യാസ കലണ്ടര്‍ തയ്യാറാക്കിയിട്ടുള്ളത്.