മേപ്പാടി:‘ഇപ്പോൾ വരാം നിങ്ങൾ ഇവിടെ ഇരിക്കണം’ എന്ന് അച്ഛനോടും അമ്മയോടും രണ്ടുസഹോദരിമാരോടും പറഞ്ഞാണ് ശരത് ബാബു പോയത്.Sarath Babu, Another ‘Super Hero’ of Disaster Land
‘കാത്തിരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ഞങ്ങൾക്ക് ആകപ്പാടെ ഉണ്ടായിരുന്നതാണ് വിട്ടു പോയത്. എന്റെ കുട്ടി എവിടെ പോയോ എന്തോ…’ സുബ്ബലക്ഷ്മിയുടെ കരച്ചിൽ അണപൊട്ടുകയാണ്.
കലിതുള്ളിയെത്തിയ മണ്ണൊഴുക്കിൽ നിന്ന് 15 പേരെ കൈപിടിച്ചു ജീവിതത്തിലേക്ക് തിരികെയെത്തിച്ച ശേഷം അവൻ മാഞ്ഞുപോയി. ഈ ദുരന്തഭൂമിയിലെ മറ്റൊരു ‘സൂപ്പർ ഹീറോ’ ശരത് ബാബു (28)വിന്റെ കഥ വരുംകാലങ്ങളിലും ചൂരൽമലക്കാർ ഏറ്റുപാടും.
ചൂരൽമല സ്വദേശി മുരുകന്റെയും സുബ്ബലക്ഷ്മിയുടെയും മകനാണ് ശരത്ബാബു. സാമൂഹിക പ്രവർത്തകനായി ചൂരൽമലക്കാരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന പ്രജീഷിന്റെ സുഹൃത്താണ് ശരത്. ആ ദുരന്തരാത്രിയിൽ അച്ഛനെയും അമ്മയെയും സുരക്ഷിത സ്ഥാനത്തേക്കു മാറ്റി രക്ഷാപ്രവർത്തനത്തിനായി ഇറങ്ങിപ്പോയതാണ് ശരത് ബാബു.
രക്ഷാപ്രവർത്തനത്തിനായി പ്രജീഷിനൊപ്പം മൂന്നാമതും മലയുടെ മുകളിൽ പോകുമ്പോൾ സുഹൃത്തുകൾ തടഞ്ഞതാണ്. പക്ഷേ ഇരുവരും ജീപ്പുമായി മലകയറി. പക്ഷേ ചൂരൽമല പാലത്തിനടുത്ത് എത്താൻ കഴിഞ്ഞില്ല. ആ ജീപ്പടക്കം രണ്ടുപേരെയും മണ്ണും വെള്ളവും കൊണ്ടുപോവുകയായിരുന്നു.