ചെന്നൈ: ഐപിഎല്‍ മാമാങ്കം പാതിവഴി പിന്നിടുമ്പോൾ ജനപ്രീയ താരങ്ങളുടെ പട്ടിക പുറത്ത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിക്കറ്റ് കീപ്പര്‍ എം എസ് ധോണിയാണ് പട്ടികയിൽ ഒന്നാമൻ. രണ്ടാമൻ വിരാട് കോലിയും മൂന്നാമതായി രോഹിത് ശര്‍മയും ഉണ്ട്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയയാണ് ഏപ്രില്‍ 19 മുതല്‍ 25 വരെയുള്ള കാലയളവിലെ 10 ജനപ്രിയ താരങ്ങളുടെ പട്ടിക തയ്യാറാക്കിയത്.സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ട്രാവിസ് ഹെഡാണ് നാലാം സ്ഥാനത്ത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സുനില്‍ നരെയ്ന്‍ അഞ്ചാം സ്ഥാനത്തുണ്ട്. അതേസമയം, രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ആറാം സ്ഥാനത്തേക്ക് കുതിച്ചുയർന്നു. കഴിഞ്ഞ തവണ പട്ടിക പുറത്തുവന്നപ്പോള്‍ ഒമ്പതാം സ്ഥാനത്തായിരുന്നു സഞ്ജു. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ പുറത്തെടുത്ത മികച്ച പ്രകടനമാണ് സഞ്ജുവിന് സ്ഥാനം ഉയർത്താൻ സഹായിച്ചത്. ഗുജറാത്ത് ജയന്റ്‌സ് നായകന്‍ ശുഭ്മാന്‍ ഗില്‍, സഞ്ജുവിന് പിന്നില്‍ ഏഴാം സ്ഥാനത്ത്. രാജസ്ഥാന്‍ താരം റിയാന്‍ പരാഗ് എട്ടാം സ്ഥാനത്തേക്ക് കുതിച്ചു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അഭിഷേക് ശര്‍മാണ് ഒമ്പതാം സ്ഥാനത്ത്. അതേസമയം, ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്ത് പത്താം സ്ഥാനത്താണ്.
