ഗോവ ബീച്ചിൽ മലയാളിയുടെ മൃതദേഹം കണ്ടെത്തിയതിൽ കൂടുതൽ ആരോപണങ്ങളുമായി മരിച്ച സഞ്ജയ്‌യുടെ കുടുംബം പുതുവത്സരമാഘോഷത്തിന് പോയ യുവാവിന്റെ മൃതദേഹം ബീച്ചിൽ നിന്ന് കണ്ടെത്തുകയായിരുന്നു .ഇപ്പോഴിതാ സംഭവത്തിൽ ഗോവയിലെ ഡി ജെ പാർട്ടിയ്ക്കിടെ സഞ്ജയ്ക്ക് മർദമേറ്റുവെന്ന് പിതാവ് സന്തോഷ് ആരോപിക്കുന്നു.സഞ്ജയ്‌യെ സുരക്ഷാ ജീവനക്കാർ മർദിച്ച് കൊന്ന് കടലിൽ തള്ളിയതാണെന്നാണ് പിതാവിന്റെ ആരോപണം. മർദനത്തിനുശേഷം സഞ്ജയ്‌യുടെ പണവും ഫോണും കവർന്നെന്നും പിതാവ് സന്തോഷ് പരാതിപ്പെട്ടു.
സഞ്ജയ്‌യുടെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടു പിടിച്ച് നടപടിയെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇതിനായി നിയമ നടപടിയുമായി മുന്നോട്ടു പോകും. സഞ്ജയ്‌യുടെ നെഞ്ചിലും പുറത്തും മർദനമേറ്റതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. യുവാവ് വെള്ളത്തിൽ വീഴുന്നതിനു മുൻപ് തന്നെ മർദനമേറ്റിരുന്നു എന്ന് സ്ഥിരീകരിക്കുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ന്യൂയർ ആഘോഷത്തിനിടെ സഞ്ജയ് സ്റ്റേജിൽ കയറി നൃത്തം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് സൂചന.ഡിസംബർ 29ന് ഗോവയ്ക്ക് പോയ യുവാവിനെ പുതുവത്സരാഘോഷത്തിന് ശേഷംകാണാതാവുകയായിരുന്നു. രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് സഞ്ജയ് ഗോവയിലേക്ക് പോയത്. പെട്രോൾ പമ്പിലെ ജീവനക്കാരനായിരുന്നു സഞ്ജയ്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Also : ഒന്നാം ദിനം കോഴിക്കോട് മുന്നിൽ, ഇഞ്ചോടിഞ്ച് പോരടിച്ച് കണ്ണൂരും തൃശൂരും; ആവേശമായി കൗമാര കലോത്സവം