പൊതുവെ മലയാളികളുടെ ഇഷ്ട വിഭവങ്ങളിലൊന്നാണ് സാമ്പാർ. സദ്യ പൂർണ്ണമാകണമെങ്കിൽ സാമ്പാർ ഇല്ലാതെ പറ്റില്ല . ഒരുപാട് പച്ചക്കറികളും പ്രോട്ടീനും അടങ്ങിയ സമ്പൂർണ വിഭവമാണു സാമ്പാർ. സാമ്പാർ കൂട്ടി സദ്യ കഴിക്കുമ്പോൾ കിട്ടുന്ന സുഖമൊന്ന് വേറെ തന്നെയാണ്. എളുപ്പത്തിൽ വീട്ടിൽ തയാറാക്കാൻ കഴിയുന്ന സാമ്പാറിൻ്റെ കൂട്ട് എങ്ങനെയാണെന്ന് നോക്കാം.
സാമ്പാർ പൊടിക്ക് ആവശ്യമായ ചേരുവകൾ
•വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
•കായം – 4 ചെറിയ കഷണങ്ങൾ
•ഉലുവ – 1 ടേബിൾസ്പൂൺ
•ഉഴുന്ന് – 1 ടേബിൾസ്പൂൺ
•ജീരകം – 1 ടേബിൾസ്പൂൺ
•ഉണക്കല്ലരി – 2 ടേബിൾസ്പൂൺ
•മല്ലി – 1 ഗ്ലാസ് (100 ഗ്രാം)
•കടലപ്പരിപ്പ് – 1/2 ഗ്ലാസ് (50 ഗ്രാം)
•ഉണക്ക മുളക് – 1 ഗ്ലാസ് (60 ഗ്രാം)
•കറിവേപ്പില – 2 പിടി
വേവിക്കുന്നതിന് ആവശ്യമായ ചേരുവകൾ
•സാമ്പാർ പരിപ്പ് – 3/4 കപ്പ് (75 ഗ്രാം)
•മത്തങ്ങ – 9 ചെറിയ കഷണങ്ങൾ (35 ഗ്രാം)
•ഉരുളക്കിഴങ്ങ് – 1 ചെറുത് (35 ഗ്രാം)
•പച്ചമുളക് – 4
•ചുവന്ന മുളക് – 1
•മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
•വെളിച്ചെണ്ണ – 1 ടീസ്പൂൺ + 2 ടേബിൾസ്പൂൺ
•പുളി – നാരങ്ങാ വലുപ്പത്തിൽ
•വെള്ളം – 1 കപ്പ്
•ഉള്ളി – 1 ചെറുത് (ക്യൂബ്സ് ആയി അരിഞ്ഞത്)
•മുരിങ്ങക്ക – 1
•വഴുതനങ്ങ – 1
•വെണ്ടക്ക – 2 കപ്പ്
•സാമ്പാർ പൊടി – 3 ടേബിൾസ്പൂൺ
•തക്കാളി – 1 ഇടത്തരം
•ഉപ്പ് പാകത്തിന്
•ശർക്കര – 1 ടീസ്പൂൺ
•കറിവേപ്പില – കുറച്ച്
•മല്ലിയില അരിഞ്ഞത് – കുറച്ച്
•ഉലുവ വറുത്തു പൊടിച്ചത് – 1 ടീസ്പൂൺ
താളിക്കാൻ ആവശ്യമായ ചേരുവകൾ
•വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
•കടുക് – 1 ടീസ്പൂൺ
•ഉലുവ – 1/4 ടീസ്പൂൺ
•ഉണക്കമുളക് – 3
•കറിവേപ്പില – കുറച്ച്
•മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
•കായം പൊടി – 1/2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
•ചുവടു കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കായം വറത്തു മാറ്റുക. ശേഷം സാമ്പാർ പൊടി ഉണ്ടാക്കാനുള്ള ബാക്കി ചേരുവകൾ എല്ലാം കൂടി ഇട്ട് ചെറിയ തീയിൽ വറത്തെടുക്കുക.
•ചൂടാറുമ്പോൾ ഇത് നന്നായി പൊടിച്ചെടുക്കണം.
•ഇനി ഒരു കുക്കറിൽ പരിപ്പും മത്തങ്ങയും ഉരുളക്കിഴങ്ങും ഒരു ഉണക്കമുളകും മഞ്ഞൾ പൊടിയും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ആവശ്യത്തിനു വെള്ളവും ഒഴിച്ച് ഒരു വിസിൽ വരുന്നതു വരെ വേവിക്കുക.
•മറ്റൊരു പാത്രം അടുപ്പിൽ വച്ച് 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ഉള്ളിയും വഴുതനങ്ങയും മുരിങ്ങക്കായും വെണ്ടക്കയും 3 ടേബിൾസ്പൂൺ സാമ്പാർ പൊടിയും (നേരത്തെ പൊടിച്ചു വച്ചത്) കൂടി വഴറ്റി അതിലേക്കു പുളി പിഴിഞ്ഞതും ചേർക്കുക. ഈ സമയത്തു തന്നെ സാമ്പാറിന് ആവശ്യമായ ഉപ്പും ചേർക്കാം. ഒരു മിനിറ്റ് തിളച്ചതിനു ശേഷം നേരത്തെ വേവിച്ചു വച്ച പരിപ്പ് കൂടി ചേർക്കുക. വീണ്ടും രണ്ട് മിനിറ്റ് അടച്ചു വച്ച് തിളപ്പിക്കുക. ശേഷം സ്വാദ് ക്രമീകരിക്കുന്നതിനായി ഒരു ടീസ്പൂൺ ശർക്കര കൂടി ചേർക്കാം.
•മറ്റൊരു പാനിൽ താളിക്കാൻ ആവശ്യമായ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. ഇതിലേക്ക് ഉലുവയും ഉണക്കമുളകും കറിവേപ്പിലയും കായംപൊടിയും മഞ്ഞൾ പൊടിയും ചേർത്ത് ഒന്നു വഴറ്റി തീ ഓഫ് ചെയ്യാം.
•2 മിനിറ്റു തിളച്ച സാമ്പാറിലേക്കു, തീ ഓഫ് ചെയ്ത ശേഷം കുറച്ചു കറിവേപ്പിലയും മല്ലിയിലയും ഉലുവ വറത്തു പൊടിച്ചതും തയാറാക്കി വച്ച വറവു (താളിച്ചതും) ചേർത്തു ഇളക്കാതെ അടച്ചു വയ്ക്കുക.
•15 മിനിറ്റിനു ശേഷം സാമ്പാർ വിളമ്പാം.
Read Also : കക്ക പക്കാ സൂപ്പര്‍