കട്ടപ്പന മാൻഹോൾ ദുരന്തത്തിലെ സുരക്ഷാ വീഴ്ചകൾ പുറത്ത്
കട്ടപ്പന മാൻഹോൾ ദുരന്തത്തിന് കാരണമായത് സുരക്ഷാ വീഴ്ച്ചയെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്.
ഇരയായ കോൺട്രാക്ടർ ജയരാമൻ വർഷങ്ങളായി നഗരസഭ പരിസരങ്ങൾ ശുചീകരണ ജോലി കരാർ എടുത്ത് ചെയ്യുന്നയാളാണ്. നഗരസഭ അംഗീകരിച്ച ശുചീകരണ തൊഴിലാളി.
അതിനാൽ അദ്ദേഹത്തിന് കഴിഞ്ഞവർഷം നവംബറിൽ നഗരസഭ സേഫ്ടി ബെൽറ്റും ഓക്‌സിജൻ മാസ്‌കും ഉൾപ്പെടെ എല്ലാ സുരക്ഷാ സൗകര്യങ്ങളും നൽകിയിരുന്നു.
അതൊന്നും ഉപയോഗിക്കാതെയാണ് ഒരു മാസമായി അടഞ്ഞുകിടന്ന ഹോട്ടലിന്റെ മാൻഹോളിലേക്ക് അദ്ദേഹം കൂട്ടരും ഇറങ്ങിയത്.
സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നെങ്കിൽ ഒരുപക്ഷെ ഈ ദുരന്തം ഉണ്ടാകില്ലായിരുന്നുവെന്ന് നഗരസഭ അധികൃതർ പറഞ്ഞു. സുരക്ഷാ ഉപകരണങ്ങൾ നൽകുന്ന ചിത്രവും പുറത്ത് വന്നിട്ടുണ്ട്.
ഓക്‌സിജൻ മാസ്‌ക് ഉപയോഗിച്ചാൽ വിഷവാതകത്തിൽ നിന്ന് രക്ഷനേടാനാകും. ആദ്യം ഇറങ്ങിയ ആൾ ബോധരഹിതനായാൽപോലും മറ്റാരും മാൻഹോളിലേക്ക് ഇറങ്ങാതെ സുരക്ഷാ ബെൽറ്റ് ഉപയോഗിച്ച് പുറത്തേക്ക് വലിച്ചെടുക്കാമായിരുന്നു.
സുരക്ഷാ ഉപകരണം ഇപ്പോൾ ജയാരാമന്റെ കൈവശമുണ്ടോ അത് സംഭവ സ്ഥലത്തേക്ക് കൊണ്ടുവന്നോ എന്നുള്ള കാര്യങ്ങൾ വ്യക്തമല്ല.
2024 നവംബർ 20-ന് ജയരാമന് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാെണ് മാൻഹോളുള്ളത്. ടാങ്ക് വൃത്തിയാക്കുന്നത് നഗരസഭയെ അറിയിച്ചിരുന്നില്ല.
അറിയിച്ചിരുന്നെങ്കിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തിയ ശേഷമേ വൃത്തിയാക്കാൻ അനുവദിക്കുകയുള്ളായിരുന്നു ഗരസഭാ ഉപാധ്യക്ഷൻ അഡ്വ.കെ.ജെ.ബെന്നി പറഞ്ഞു.
അവധി ദിനത്തിൽ രാത്രിയിൽ 10-ന് ശേഷം അധികൃതരെ ഒളിച്ചാണ് മാലിന്യ ടാങ്ക് വൃത്തിയാക്കിയത്. ഇതെല്ലാം അപകടത്തിന്റെ ആക്കം കൂട്ടി.
ഇതിനിടെ ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ മാൻ ഹോളിൽ ഇറങ്ങിയ മൂന്നു തൊഴിലാളികൾ മരിച്ചത് വിഷവാതകം ശ്വസിച്ചെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ചൊവ്വാഴ്ച രാത്രിയാണ് കട്ടപ്പന പുളിയൻമല റോഡിൽ പ്രവർത്തിച്ചിരുന്ന ഓറഞ്ച് ഹോട്ടലിലെ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ ഗൂഡല്ലൂർ കമ്പോസ്റ്റ് സ്ട്രീറ്റ് സ്വദേശി മൈക്കിൾ (23) കീഴെ ഗൂഡല്ലൂർ പട്ടാളമ്മൻകോവിൽ സ്ട്രീറ്റ് സുന്ദര പാണ്ഡ്യൻ (37) കമ്പം കണ്ണൻ വിവേകാനന്ദൻ സ്ട്രീറ്റ് ജയരാമൻ (48) എന്നിവർ മരിച്ചത്.
ടാങ്കിൽ ആദ്യം ഇറങ്ങിയ മൈക്കിൾ കേറി വരാൻ താമസിച്ചതോടെ രണ്ടാമത്തെ ആളും ഇറങ്ങുകയും രണ്ടുപേരെയും രക്ഷിക്കുന്നതിനായി കോൺട്രാക്ടർ കൂടിയായ ജയരാമൻ ഇറങ്ങുകയും ആയിരുന്നു.
നമ്പർ പ്ലേറ്റില്ലാതെ സർവീസ്; കൊച്ചിയിൽ ബസുകൾ പിടികൂടി
മൂവരും ടാങ്കിൽ അകപ്പെട്ടതോടെ സ്ഥലത്ത് എത്തിയ അഗ്‌നിരക്ഷാസേനയും കട്ടപ്പന പോലീസ് സംഘവും ചേർന്നാണ് മൂന്നുപേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്.
ഒരാളെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും മറ്റ് രണ്ടുപേരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
ഹോട്ടൽ പുനരുദ്ധാരണത്തിന്റെ ഭാഗമായി നാളുകളായി മാലിന്യ ടാങ്ക് അടഞ്ഞു കിടക്കുകയായിരുന്നു.
ഇതേ തുടർന്ന് ടാങ്കിലുണ്ടായ വിഷവാതകമാണ് തൊഴിലാളികളുടെ മരണത്തിന് കാരണമായതെന്നാണ് പ്രഥമിക നിഗമനം. എന്നാൽ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വരാനുണ്ട്.









