പണമെണ്ണാൻ ആളില്ല; ശബരിമലയിൽ നാണയങ്ങൾ കുന്നുകൂടുന്നു
ശബരിമല: കോടികളുടെ വരുമാനം ലഭിക്കുന്ന ശബരിമലയിൽ ഭണ്ഡാരത്തിലെ നാണയങ്ങൾ എണ്ണി തിട്ടപ്പെടുത്താൻ ആവശ്യമായ ജീവനക്കാരില്ലാത്തതിനെ തുടർന്ന് നാണയങ്ങൾ കുന്നുകൂടിയ നിലയിൽ തുടരുന്നു.
ദേവസ്വം ജീവനക്കാരുടെ ഗുരുതര ക്ഷാമമാണ് ഇതിന് കാരണം.
എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് നാല് വരെ സന്നിധാനത്തെ വിവിധ ഡ്യൂട്ടി പോയിന്റുകളിൽ നിന്നായി പത്ത് താത്കാലിക ജീവനക്കാരെ ഭണ്ഡാരത്തിലേക്ക് നിയോഗിച്ച് നാണയങ്ങൾ എണ്ണണമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ നിർദ്ദേശിച്ചിരുന്നെങ്കിലും ഇത് നടപ്പാക്കാൻ സാധിച്ചില്ല.
നിലവിൽ ആവശ്യത്തിന് ജീവനക്കാരെ കണ്ടെത്താനാകാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.
നാണയങ്ങൾ എണ്ണി തിട്ടപ്പെടുത്താൻ റോബോട്ടിക് സഹായത്തോടെ സംവിധാനം നടപ്പാക്കാനുള്ള ആശയം മുമ്പ് മുന്നോട്ടുവന്നിരുന്നുവെങ്കിലും അത് യാഥാർത്ഥ്യമായില്ല.
2023-ൽ അഡ്വ. കെ. അനന്തഗോപൻ പ്രസിഡന്റായിരുന്ന കാലഘട്ടത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതി തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് റോബോട്ടിക് പണം എണ്ണൽ സംവിധാനത്തിന്റെ സാധ്യതകൾ പഠിച്ചിരുന്നു.
ശബരിമലയിൽ ഇത് നടപ്പാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, ഭരണസമിതിയുടെ കാലാവധി അവസാനിച്ചതോടെ പദ്ധതി മുടങ്ങി. പിന്നീട് അധികാരത്തിലെത്തിയ ഭരണസമിതികൾ ഈ വിഷയത്തിൽ താൽപര്യം കാണിച്ചില്ല.
റോബോട്ടിക് പണം എണ്ണൽ സംവിധാനം യാഥാർത്ഥ്യമായാൽ നിലവിലെ ജീവനക്കാരുടെ ക്ഷാമം സൃഷ്ടിച്ച പ്രതിസന്ധിക്ക് വലിയ പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.
ജനുവരി 12 വരെ 429 കോടി രൂപയുടെ വരുമാനം ലഭിച്ചതായി ദേവസ്വം ബോർഡ് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ഭണ്ഡാരത്തിലെ നാണയങ്ങളുടെ കണക്ക് ഇതിൽ ഉൾപ്പെട്ടിട്ടില്ല.
ഈ സീസണിൽ മാത്രം 175 ജീവനക്കാരുടെ കുറവുണ്ടെന്നും, താത്കാലിക ജീവനക്കാരെ നിയമിച്ചിട്ടും ആവശ്യത്തിന് ആളെ കണ്ടെത്താനാകുന്നില്ലെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.
മകരവിളക്ക് ഉത്സവം കഴിഞ്ഞ് നട അടച്ചശേഷം എല്ലാ നാണയങ്ങളും കൃത്യമായി എണ്ണി തിട്ടപ്പെടുത്തുമെന്നും, ഒരു നാണയം പോലും എണ്ണാതെ പോകില്ലെന്നും തുടർന്ന് സമ്പൂർണ വരുമാന കണക്ക് പ്രസിദ്ധീകരിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു.
English Summary:
Due to an acute shortage of staff, coin counting at the Sabarimala temple hundi has been delayed, resulting in huge piles of uncounted coins. Although ₹429 crore in revenue has been officially recorded so far, the coin collection is yet to be accounted for. A proposed robotic coin-counting system remains unimplemented, worsening the crisis.
sabarimala-hundi-coin-counting-delay-staff-shortage
Sabarimala, Travancore Devaswom Board, Hundi Collection, Coin Counting, Temple Revenue, Staff Shortage, Kerala News









